പത്തനംതിട്ട: തുലാംമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട 16നു വൈകുന്നേരം തുറക്കും. മാസങ്ങള്‍ക്കുശേഷം ഭക്തരെ കടത്തിവിടുമെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ടാകും.
പ്രതിദിനം 250 പേര്‍ക്കാണ് ദര്‍ശനം. സംസ്ഥാന സര്‍ക്കാരി ന്റെ ജാഗ്രതാ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുകയും രജിസ്ട്രേഷന് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയും വേണം.
പിന്നീട് പോലീസിന്റെ വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തു ദര്‍ശനത്തിനു വരണം. നിലയ്ക്കലില്‍ വീണ്ടും കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് എല്ലാവരെയും വിധേയരാക്കും.
മണ്ണാരക്കുളഞ്ഞി – ചാലക്കയം പാതയിലുണ്ടായ ഗതാഗത തടസം കണക്കിലെടുത്ത് മാസപൂജയ്ക്ക് പമ്പയിലേക്കു ചെറിയാ വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തില്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിന് നിരോധനമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സ്നാനം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
ഇറിഗേഷന്‍, ദേവസ്വം ബോര്‍ഡ്, ജല അഥോറിറ്റി വകുപ്പുകള്‍ സംയുക്തമായി ഭക്തര്‍ക്ക് കുളിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. തുലാമാസ പൂജയ്ക്ക് മുമ്പായി ഇവ പൂര്‍ത്തിയാക്കും.
സ്ഥലം കണ്ടെത്തുന്നതിനും ഭക്തര്‍ കുളിക്കുന്ന വെള്ളം വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയെ ചുമതലപ്പെടുത്തി.
സബ് കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുമായി പമ്പയില്‍ സന്ദര്‍ശനം നടത്തും.കോവിഡ് പശ്ചാത്തലത്തില്‍ പമ്പാനദിയില്‍ ആരും കുളിക്കുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പാക്കും.
പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്സിന്റെ ഓരോ ടീമിനെ വിന്യസിക്കും.