
റാന്നി: ശബരിമല തീര്‍ഥാടന പാതകള്‍ കാടുമൂടിയിട്ടും കണ്ണടച്ച് പൊതുമരാമത്ത് വകുപ്പ്. തീര്ഥാടനപാതകളുടെ അറ്റകുറ്റപ്പണികള്‍ വൈകുന്നതിനൊപ്പംവശങ്ങളിലെ കാട് തെളിക്കുന്ന ജോലികളും വൈകുകയാണ്.
റോഡിന്റെ വശങ്ങളെല്ലാം തന്നെ കാടും വള്ളി പടര്‍പ്പുകളും നിറഞ്ഞ് കാല്‍നടയാത്രയ്ക്കുപോലും സ്ഥലം മതിയാകാത്ത സ്ഥിതിയാണ്. പൊതുമരാമത്ത് വകുപ്പ് കാടുവെട്ടാന്‍ കരാര്‍ നല്‍കിയാണ് പണികള്‍ നടത്തിവന്നിരുന്നത് .
എന്നാല്‍ ഇത്തവണ കൊറോണായും, സാമ്പത്തിക ബുദ്ധിമുട്ടും പഴിചാരി റോഡിലെ കാടുകള്‍ നീക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.പമ്പയിലേക്ക് ഇത്തവണ വാഹനങ്ങള്‍ നിയന്ത്രണവിധേയമായേ കടത്തിവിടൂവെന്നതിനാല് അനുബന്ധ റോഡുകളിലെ പണികള്‍ നീളാനാണ് സാധ്യത.
പ്രധാന റോഡുകളിലടക്കം അറ്റകുറ്റപ്പണികള്‍ക്ക് നടപടികളാരംഭിച്ചിരുന്നെങ്കിലും മെല്ലെപ്പോക്ക് നയം തുടരുകയാണ്. റാന്നിയിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സാധാരണനിലയില്‍ ശബരിമല തീര്‍ഥാടനകാലത്താണ് നടത്താറുള്ളത്.
ഈ പ്രതീക്ഷയിലാണ് പ്രദേശവാസികള്‍ കഴിയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട 17 റോഡുകളാണ് തീര്‍ഥാടനകാലത്തിനു മുമ്പായി നന്നാക്കാറുള്ളത്. ഇതോടൊപ്പം റാന്നിയില്‍ അഞ്ച് റോഡുകള്‍ കൂടി ഈ ഗണത്തില്പെടുത്തിയിട്ടുണ്ട്.
റോഡുകളിലേക്ക് പടര്‍ന്നുകയറിയിട്ടുള്ള കാടുകളും വള്ളിപ്പടര്‍പ്പുകളും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്ന പരാതിയുണ്ട്. വളവുകളിലും മറ്റും റോഡിന്റെ വീതി അപഹരിച്ചാണ് കാടു വളര്‍ന്നു നില്‍ക്കുന്നത്.
എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ പോലും കാണാനാകാതെ അപകടം പതിവാകുന്നു.
വെര്‍ച്വല്‍ക്യൂ ബുക്കിംഗ് നിറഞ്ഞു
പത്തനംതിട്ട: ശബരിമല തുലാമാസ പൂജയ്ക്ക് എത്തുന്നതിനായി വെര്‍ച്വല്‍ ക്യൂ മുഖേനയുള്ള ബുക്കിംഗ് പൂര്‍ണമായി. രണ്ടുദിവസത്തിനുള്ളില്‍ ബുക്കിംഗ് നിറയുകയായിരുന്നു. പോലീസിന്റെ ചുമതലയിലാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം. 16 മുതല്‍ 21 വരെയാണ് നട തുറക്കുന്നത്.
പ്രതിദിനം 250 പേരെയാണ് കടത്തിവിടുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് പലരും ബുക്കിംഗ് നടത്തിയിരിക്കുന്നതെങ്കിലും ദര്ശനത്തിനെത്തുമ്പോള് 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. കൂടാതെ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനയ്ക്കും ക്രമീകരണമുണ്ട്.