പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം പതിനായിരം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചില്ല. ചീഫ് സെക്രട്ടറിതല സമിതിയാണ് ഈ ആവശ്യം തള്ളിയത്.
ഒരു ദിവസം 1,000 തീര്‍ത്ഥാടകരെ മാത്രമാണ് അനുവദിക്കുകയെന്നും സീസൺ ആരംഭിച്ചതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും യോഗത്തില്‍ ധാരണയായി.
തീര്‍ഥാടന കാലത്തെ സാധാരണ ദിവസങ്ങളില്‍ 1,000 പേരെയും വാരാന്ത്യങ്ങളില്‍ 2,000 പേരെയും വിശേഷ ദിവസങ്ങളില്‍ 5,000 പേരെയും അനുവദിക്കാമെന്നായിരുന്നു സമിതി നേരത്തെ പ്രഖ്യാപിച്ചത്.
തീര്‍ഥാടന കാലത്തേക്കായി 60 കോടിയോളം രൂപ മുടക്കിയെന്നും തീര്‍ഥാടകര്‍ എത്താതിരുന്നാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് ഉന്നതതല യോഗത്തില്‍ ബോധിപ്പിച്ചു.
തീര്‍ഥാടകര്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. നിലയ്ക്കലും പമ്പയിലും ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.