ശബരിമല: വൃശ്ചികപ്പുലരിയില്‍ അയ്യപ്പദര്‍ശനത്തിന്റെ പുണ്യംതേടി അയ്യപ്പഭക്തര്‍ മലചവിട്ടിത്തുടങ്ങി. ഇന്നലെ വൈകുന്നേരം ക്ഷേത്രനട തുറന്നിരുന്നെങ്കിലും ഭക്തരെ മലചവിട്ടാന്‍ അനുവദിച്ചത് ഇന്നു രാവിലെ മുതലാണ്.
പുലര്‍ച്ചെ അഞ്ചിന് ശബരിമല ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയും മാളികപ്പുറത്ത് മേല്‍ശാന്തി എം.എന്‍. രജികുമാറും നട തുറന്നു. ഇനിയുള്ള 40 നാള് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനു സൗകര്യമുണ്ടാകും.
നെയ്യഭിഷേകം അടക്കമുള്ള ചടങ്ങുകളും പതിവുപൂജകളും ഇന്നാരംഭിക്കും. എല്ലാദിവസവും രാവിലെ ഏഴ് മുതല്‍ 11 വരെയാണ് നെയ്യഭിഷേകം. 12ന് ഉച്ചപൂജയേ തുടര്‍ന്ന് ഒരു മണിക്ക് നട അടയ്ക്കും.
പിന്നീട് വൈകുന്നേരം നാലിനാണ് നട തുറക്കുന്നത്. 6.30ന് ദീപാരാധന. രാത്രി 8.30ന് അത്താഴപൂജയേ തുടര്‍ന്ന് ഒമ്പതിന് ഹരിവരാസനം പാടി നട അടയ്ക്കും. വെര്‍ച്ച്വല്‍ ക്യൂവിലൂടെ രജിസ്റ്റര്‍ ചെയ്തെത്തുന്ന 1000 തീര്‍ഥാടകര്‍ക്കു മാത്രമാണ് പ്രതിദിന പ്രവേശനം.
കോവിഡ്കാല നിയന്ത്രണങ്ങള്‍ തീര്‍ഥാടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഡിസംബര്‍ 26നാണ് മണ്ഡലപൂജ. മകരവിളക്ക് ഉല്‍സവത്തിനായി ക്ഷേത്ര നട ഡിസംബര്‍ 30ന് തുറക്കും.2021 ജനുവരി 14 നാണ് മകരവിളക്ക്.
സാഹചര്യങ്ങൾ പരിശോധിച്ച് തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നത്
പരിഗണിക്കും: മന്ത്രി
കോവിഡുമായി ബന്ധപ്പെട്ട പ്രതിദിന സാഹചര്യങ്ങള്‍ വിലയിരുത്തിയും ദര്‍ശനത്തിനുള്ള ബുക്കിംഗ് ആവശ്യകത പരിഗണിച്ചും പ്രതിദിന തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ഇന്നു രാവിലെ ശബരിമലയിലെത്തിയ മന്ത്രി ക്ഷേത്ര ശ്രീകോവിലിനു മുമ്പിലെത്തിയശേഷം തീര്‍ഥാടനകാല ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രതിദിനം 1000 തീര്‍ഥാടകര്‍ക്കാണ് നിലവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
വെര്‍ച്ച്വല്‍ ക്യൂവിലെ ബുക്കിംഗ് പ്രകാരമാണ് ഇവര്‍ക്ക് ദര്‍ശന സൗകര്യം നല്‍കുന്നത്.ദര്‍ശനത്തിനു വരുന്ന എല്ലാവരും 24 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമല സന്നിധാനത്ത് വിവിധ വകുപ്പ് മേധാവികളുടെ യോഗവും മന്ത്രി വിളിച്ചുചേര്‍ത്തു.