ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നു രാവിലെ ശബരിമലയില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരും അടുത്ത ഒരുവര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. പിന്നീടുള്ള ഒരുവര്‍ഷം ഇരുവരും ശബരിമലയില്‍ താമസിച്ചു പൂജാകര്‍മങ്ങള്‍ നടത്തണം. തുലാം 30നു രാത്രിയാണ് ഇവരുടെ അഭിഷേക ചടങ്ങുകള്‍.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി കൊല്ലം ശക്തികുളങ്ങര നാരായണീയം തോട്ടത്തില്‍ മഠം കുടുംബാംഗമാണ്. കൊല്ലം ലക്ഷിമനടയിലെ മേല്‍ശാന്തിയാണ് നിലവില്‍. 24 പേരുകളാണ് ഇത്തവണ ശബരിമല മേല്‍ശാന്തി പട്ടികയില്‍ അന്തിമ പരിഗണനയിലുണ്ടായിരുന്നത്. ഈ പേരുകള്‍ എഴുതി ഒരു വെള്ളിക്കുടത്തിലും മറ്റൊരു വെള്ളിക്കുടത്തില്‍ 23 ശൂന്യപേപ്പറുകളും ശബരിമല മേല്‍ശാന്തി എന്നെഴുതിയ ഒരു കുറിപ്പും ഇട്ടായിരുന്നു നറുക്കെടുപ്പ്. ശബരിമല സോപാനത്ത് ഉഷ പൂജയേ തുടര്‍ന്നായിരുന്നു ചടങ്ങുകള്‍.
പന്തളം കൊട്ടാരത്തിലെ ഋഷികേശ് വര്‍മയെന്ന കുട്ടിയാണ് നറുക്കെടുത്തത്. 18 ാമത്തെ നറുക്കാണ് അരുണ്‍കുമാര്‍ നമ്പൂതിരിക്കു വീണത്. മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് ഒളവണ്ണ തിരുമംഗലം ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്. മുമ്പു പലതവണ ഇദ്ദേഹം ശബരിമല, മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷ അയച്ചിരുന്നു. ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടത്തിയ അതേ രീതിയിലാണ് മാളികപ്പുറത്തും നറുക്കെടുത്തത്.
പന്തളം കൊട്ടാരത്തിലെ എം. വൈഷ്ണവിയാണ് നറുക്ക് എടുത്തത്. 15 പേരുകളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 13 ാമത്തെ നറുക്കാണ് വാസുദേവന്‍ നമ്പൂതിരിക്ക് അനുകൂലമായത്. തന്ത്രിമാരായ കണഠര് രാജീവര്, ബ്രഹ്മദത്തന് രാജീവര്, മേല്‍ശാന്തി മഹേഷ് നമ്പൂതിരി എന്നിവര്‍ നറുക്കെടുപ്പിനു മുമ്പായുള്ള പൂജകള്‍ നടത്തി.
സ്പെഷല്‍ കമ്മീഷണര്‍ ആര്. ജയകൃഷ്ണന് നറുക്കെടുപ്പിനു നേതൃത്വം നല്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്, ഹൈക്കോടതി നിരീക്ഷകനായ ടി.ആര്. രാമചന്ദ്രന് എന്നിവരും സന്നിഹിതരായിരുന്നു.