പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എഡിജിപി എസ്. ശ്രീജിത്ത് വിലയിരുത്തി. സന്നിധാനത്ത് മൂന്നു ദിവസം തങ്ങിയ അദ്ദേഹം, ചിത്തിര ആട്ടത്തിരുനാള്‍ മഹോത്സവവുമായി ബന്ധപ്പെട്ട് സുഗമമായ ദര്‍ശനം ഭക്തര്‍ക്ക് ഉറപ്പാക്കുന്നതിനും നേതൃത്വം നല്കി.
സന്നിധാനത്തെ പോലീസിന്റെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളുടെ പുരോഗതിയും വിലയിരുത്തി. കൂടാതെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, സ്പെഷല്‍ കമ്മീഷണര്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം മരാമത്ത് എന്‍ജിനിയര്‍ തുടങ്ങിയവരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി ചെയ്തുതീര്‍ക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദേവസ്വം ബോര്‍ഡ് മുമ്പാകെ എഡിജിപി നല്കി. മണ്ഡല മകരവിളക്ക് കാലയളവിലെ ആദ്യഘട്ടത്തില്‍ സ്പെഷല്‍ ഓഫീസറായി നിയമിക്കപ്പെട്ട റെയില്‍വേ എസ്പി ബി. കൃഷ്ണകുമാര്‍, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
ചിത്തിര ആട്ടത്തിരുനാള്‍ ദിവസം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദര്‍ശനത്തിനായുള്ള ഭക്തരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് കൂടുതലായതിനാല്‍ സന്നിധാനത്തും പമ്പയിലും മറ്റും കൂടുതല്‍ പോലീസിനെ ഇത്തവണ വിന്യസിച്ചിരുന്നു. മൂന്ന് ടേണ്‍ ആയി ക്രമീകരിച്ചാണ് രണ്ട് ദിവസങ്ങളില്‍ ഡ്യൂട്ടിക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഇന്നലെ രാത്രി നട അടച്ചു.
ദര്‍ശനത്തിനായി നട തുറന്ന ബുധനാഴ്ച വൈകുന്നേരം മാത്രം 15445 പേര് ദര്‍ശനം നടത്തി, ഈ ദിവസത്തെ ബുക്കിംഗ് 12809 ആയിരുന്നു. ഇന്നലെ ദര്‍ശനത്തിനായി ബുക്ക് ചെയ്തവരുടെ എണ്ണം 11421 ആണ്. വൈകുന്നേരം വരെ പതിനായിരത്തിലധികം പേര് ദര്‍ശനം നടത്തി.