ശബരിമല: മണ്ഡലകാലത്തെ പതിവു തിരക്കുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയാണ് ശബരിമല. വൃശ്ചികം ഒന്നിന് ദര്‍ശനത്തിനെത്തിയത് 1021 പേരാണ്.
വെര്‍ച്ച്വല്‍ ക്യൂ മുഖേന ഇന്നലെ ദര്‍ശന തീയതി ലഭിച്ചവരില്‍ 993 പേര് മാത്രമേ വൈകുന്നേരം വരെ എത്തിയിരുന്നുള്ളൂ. ഇന്നു ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്ന 28 പേര് കൂടി ഇന്നലെ വൈകുന്നേരം എത്തിച്ചേര്‍ന്നപ്പോള്‍ അവരെയും കടത്തിവിട്ടു.
ഇന്നു പുലര്‍ച്ചെ നട തുറന്നപ്പോഴും തീര്‍ഥാടകരുടെ തിരക്കുണ്ടായില്ല. സാമൂഹിക അകലം പാലിച്ച് കോവിഡ് സുരക്ഷാ നിര്‍ദേശങ്ങളിലൂടെയാണ് ദര്‍ശനം.
ശബരിമലയിലെ വരുമാനം കൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ മണ്ഡല, മകരവിളക്കു തീര്‍ഥാടനകാലം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാകുമെന്ന് ഇന്നലെ സന്നിധാനത്തെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു.
ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളവും പെന്‍ഷനും നല്കാന് പോലും പണമില്ലാത്ത സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തീര്‍ഥാടകര്‍ക്ക് വെള്ളം നല്കാന് സ്റ്റീല്‍ പാത്രം
ശബരിമല: ഇത്തവണ ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണത്തിനുള്ള പ്രത്യേക സൗകര്യം. ഓഷധ ജലമാണ് വിതരണം നടത്തുക.
പമ്പ ഗണപതി കോവിലിനടുത്താണ് കൗണ്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തിലാണ് ജലം വിതരണം ചെയ്യുന്നത്. ഇതിനായി 200 രൂപ ഡെപ്പോസിറ്റ് ചെയ്യണം.
ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പമ്പയിലെത്തി പാത്രം തിരികെ നല്കുമ്പോള് ഡെപ്പോസിറ്റ് തുക തിരികെ നല്‍കും. ചരല്‍മേട്, ജ്യോതി നഗര്‍, മാളികപ്പുറം എന്നിവിടങ്ങളില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.
രണ്ടു തീര്‍ഥാടകർക്കും മൂന്നു പോലീസുകാർക്കും കോവിഡ്
ശബരിമല: ശബരിമലദര്‍ശനത്തിനെത്തിയ രണ്ടുപേര്‍ കോവിഡ് 19രോഗബാധിതരെന്ന് കണ്ടെത്തി. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധയിലാണ് ഇന്നലെ രണ്ടുപേരില്‍ രോഗബാധ കണ്ടെത്തിയത്. ഇരുവരും തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്.
തഞ്ചാവൂരില്‍ നിന്നു മൂന്നുപേര്‍ക്കൊപ്പം കാറിലെത്തിയ തീര്‍ഥാടകനാണ് നിലയ്ക്കലിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ പോസിറ്റീവ് എന്ന് കണ്ടത്. സംഘത്തെ ദര്ശനത്തിനുവദിക്കാതെ പോലീസിന്റെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചയച്ചു.
നിലയ്ക്കലില്‍ സ്വകാര്യലാബില്‍ നടത്തിയപരിശോധനയിലാണ് ട്രിച്ചിയില്‍ നിന്നുമെത്തിയ തീര്ഥാടകസംഘത്തില്പ്പെട്ട ആളിന് കോവിഡ് പോസിറ്റീവെന്നു കണ്ടത്. വാനിലെത്തിയ ഈ സംഘത്തില്‍ 16പേരുണ്ടായിരുന്നു. ഇവരേയും നാട്ടിലേക്ക് മടക്കി അയച്ചു.
ആദ്യദിവസം ജോലിക്കെത്തിയ രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് കണ്ടെത്തിയിരുന്നു. സന്നിധാനത്തെ ഡ്യൂട്ടിക്കെത്തിയ മൂന്നുപോലീസുകാരിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെയെല്ലാം മടക്കി അയച്ചു.