തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ സംബന്ധിച്ച് അപകാതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു.
ശബരിമലയിൽ സംസ്ഥാന പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന വെർച്വൽ ക്യൂ സംവിധാനം അശാസ്ത്രീയമാണെന്ന ആക്ഷേപം സംബന്ധിച്ച് ഇന്നു രാവിലെ രാഷ്ട്രദീപികയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന വെർച്വൽ ക്യൂ പരാജയമാണെന്ന അഭിപ്രായം ദേവസ്വം ബോർഡിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യ നിയന്ത്രണം കാരണം തീർത്ഥാടകർ ശബരിമലയിലെത്തുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്. കന്നിമാസ പൂജകൾക്കായി സെപ്തംബർ 16-നാണ് ഇനി ശബരിമല നട തുറക്കുക.
ഓണത്തിനും ചിങ്ങമാസ പിറവിക്കും ശബരിമലയിൽ തിരക്ക് തീരെയില്ലായിരുന്നു. ദിവസേന പതിനയ്യായിരം പേർക്ക് ദർശനത്തിനാണ് അനുമതി നൽകിയിരുന്നത്.
വെർച്വൽ ക്യൂ വഴി ബുക്കു ചെയ്യുന്നവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഇതിലേക്കായി രണ്ട് ഡോസ് വാക്സിൻ എടുത്തവരോ അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈവശമുള്ളവരോ ആകണം.
വെർച്വൽ ക്യൂവിൽ ബുക്കു ചെയ്യാൻ പറ്റുന്നില്ലെന്ന പരാതി ദേവസ്വം ബോർഡിന് ലഭിക്കുന്നുണ്ട്. അതിനാൽ കന്നിമാസ പൂജകൾക്ക് ദർശനത്തിന് ഇളവു തേടി ദേവസ്വം ബോർഡ് സർക്കാരിനെ സമീപിക്കും.