ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരിയാണ് നട തുറക്കുന്നത്.
അയ്യപ്പഭക്തര്‍ക്ക് 31നു പുലര്‍ച്ചെ മുതല്‍ ദര്‍ശനം അനുവദിക്കും. എരുമേലിയില്‍ നിന്നുള്ള കാനനപാത 31 മുതല്‍ അയ്യപ്പഭക്തര്‍ക്കായി തുറന്നു നല്‍കും. പാതയില്‍ നാളെ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
മകരവിളക്ക് മഹോത്സവം ജനുവരി 14നാണ്. ഇതിനു മുന്നോടിയായി 11ന് എരുമേലി പേട്ട തുള്ളലും 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും.പമ്പ സദ്യയും പമ്പവിളക്കും 13നാണ്. 19 വരെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടാകും.
20നു രാവിലെ നട അടയ്ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മകരവിളക്കു കാലത്തും ദര്‍ശനാനുമതി ലഭിക്കുക. വെര്‍ച്വല്‍ ക്യൂവിലും സ്പോട്ട് ബുക്കിംഗിലും രജിസ്ട്രേഷന് നടത്താം.
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയില്‍ ഉണ്ടാകണം.