ശബരിമല: മകരവിളക്ക് ദിവസം തിരുവാഭരണ ഘോഷയാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് പമ്പയില്‍ അയ്യപ്പന്മാര്ക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഇന്ന് പമ്പയില്‍ ചേരുന്ന യോഗം ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്നും എഡിഎം അര്ജുന് പാണ്ഡ്യന് പറഞ്ഞു.
ഭക്തര്‍ കൂടുതലായി മകരവിളക്ക് ദര്‍ശനത്തിന് നില്ക്കുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിലും സമീപ പ്രദേശത്തും വൃത്തിയാക്കലും മറ്റും പൂര്‍ത്തിയായി വരികയാണ്. രണ്ട് അധിക ബ്ലോക്കുകളിലായി 240 ടോയ്ലെറ്റുകള് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുണ്ട്.
കൂടാതെ പാണ്ടിത്താവളത്ത്പുതിയതായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ബുധനാഴ്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനം(ഇഎംസി) ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കും. കൂടാതെ ഫയര്‍ ഫോഴ്സിന്റെ സാന്നിധ്യവും അവിടെ ഉറപ്പാക്കുന്നുണ്ട്.
തിരുവാഭരണഘോഷയാത്ര വരുന്നത് പ്രമാണിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും സന്നിധാനത്ത് പൂര്‍ത്തിയാക്കി. മകരവിളക്ക് ദിവസം തിരുവാഭരണഘോഷയാത്ര വരുന്നതിനു മുന്നോടിയായി പമ്പയില്‍ തീര്‍ഥാടകരെ നിയന്ത്രിക്കുന്നതു കൂടാതെ കെഎസ്ആര്‍ടിസി ബസിന്റെ ഷെഡ്യൂളുകളിലും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും.
മകരവിളക്ക് ദര്‍ശനത്തോട് അടുക്കുന്നതോടെ അനിവാര്യഘട്ടത്തില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് സജ്ജമാണെന്ന് സ്പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു. ബുധനാഴ്ച മുതല്‍ മകരജ്യോതി ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ തങ്ങാന്‍ സാധ്യതയുള്ളതു കണക്കിലെടുത്ത് അതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.
മകരവിളക്ക് ദര്‍ശനത്തിന് ശേഷം സുരക്ഷിതമായി തിരിച്ചിറങ്ങുന്നതിനുള്ള എക്സിറ്റ് പോയിന്റുകള്‍ പോലീസ് തയാറാക്കുന്നുണ്ട്. ഇവിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കുന്നതിനുമുള്ള നിര്‍ദേശം സ്പെഷ്യല്‍ ഓഫീസര്‍ കെഎസ്ഇബി അധികൃതര്‍ക്ക് നല്കി.
മകരവിളക്ക് ദര്‍ശിക്കുന്നതിനായി സന്നിധാനത്തെ വലിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ അയ്യപ്പഭക്തര്‍ കയറുന്നത് പോലീസ് തടയും. ഇന്നു തന്നെ കെട്ടിടങ്ങളുടെ മുകളിലേക്കുള്ള പാത പൂട്ടി താക്കോല്‍ കണ്ട്രോള് റൂമില്‍ നല്‍കണം. താഴ്ന്നു കിടന്ന കെഎസ്ഇബി ലൈനുകള്‍ ഉയര്‍ത്തി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മകരജ്യോതി ദര്‍ശനത്തിന് സന്നിധാനത്തെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് ശുചീകരണത്തിന് കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തി. നിലവില്‍ സന്നിധാനത്ത് മാത്രം 173 വിശുദ്ധി സേന പ്രവര്‍ത്തകര്‍ ഉണ്ട്. എട്ട് സംഘങ്ങളായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഒമ്പത് സംഘമാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വ്യൂ പോയന്റുകളില്‍ സൗകര്യങ്ങളും സുരക്ഷയും; കളക്ടര്‍ പരിശോധന നടത്തി
പത്തനംതിട്ട: മകരജ്യോതി ദര്‍ശനത്തിന് വ്യൂ പോയന്റുകളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
മകരജ്യോതി വ്യൂ പോയന്റായ ആങ്ങമൂഴി പഞ്ഞിപ്പാറ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.പത്തനംതിട്ട ജില്ലയില്‍ ഒമ്പത് ജ്യോതി ദര്‍ശന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ മൂന്നും കോട്ടയത്ത് ഒരു കേന്ദ്രവുമാണുള്ളത്.
തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വ്യൂ പോയിന്റുകളില്‍ കുടിവെള്ളം, ശൗചാലയം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് യാതൊരു വിധ തടസവുമില്ലാതെ ജ്യോതി ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.