ശബരിമല: മണ്ഡല വ്രതാരംഭത്തിനു തുടക്കം കുറിച്ച് വൃശ്ചികം പിറന്നു. പുലര്‍ച്ചെ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറക്കുമ്പോള്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നലെ രാത്രി മുതല്‍ മലകയറിയ അയ്യപ്പഭക്തര്‍ പുലര്‍ച്ചെയുള്ള ദര്‍ശനത്തിനായി മണിക്കൂറുകള്‍ ക്യൂ നിന്നാണ് എത്തിയത്.പുതുതായി ചുമതലയേറ്റ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി സന്നിധാനത്തും ഹരിഹരന് നമ്പൂതിരി മാളികപ്പുറം ക്ഷേത്രത്തിലും നട തുറന്നു.
ഇന്നലെ രാത്രിയാണ് പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ ശബരിമലയില്‍ നടന്നത്. അടുത്ത ഒരുവര്‍ഷം ശബരിമലയില്‍ താമസിച്ചുകൊണ്ട് പുറപ്പെടാ ശാന്തിമാരെന്ന നിലയിലാകും ജയരാമന് നമ്പൂതിരിയും ഹരിഹരന് നമ്പൂതിരിയും പൂജകള്‍ അനുഷ്ഠിക്കുക.
മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ രാവിലെ ശബരിമല സന്നിധാനത്തുണ്ടായിരുന്നു.
ശ്രീകോവിലിനു മുന്നിലെത്തിയ ഇരുവരും തീര്‍ഥം സ്വീകരിച്ചു. ശബരിമലയിലെ തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തുന്ന മന്ത്രി ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും.