ശബരിമല: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്കു സുഗമമായ ദര്‍ശനം ഒരുക്കുന്നതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സന്നിധാനത്തെ പോലീസ് കണ്ട്രോള് റൂമില്‍ ലഭിക്കും.
ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി എസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥരെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ എഡിജിപി. ഓഫീസ്, പത്തനംതിട്ട എസ്പി ഓഫീസ്, കളക്ടറേറ്റ്, പമ്പ പോലീസ് കണ്ട്രോള് റൂം എന്നിവിടങ്ങളിലും തത്സമയം നിരീക്ഷിക്കാനാകും.
സന്നിധാനത്തേക്ക് എത്തുന്നവരുടെ ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ മൂന്നു സ്കാനറുകള്‍, പമ്പ മുതല്‍ സന്നിധാനം വരെ വിവിധ കേന്ദ്രങ്ങളിലായി 22 മെറ്റല്‍ ഡിറ്റക്ടറുകള്‍, തെര്‍മല്‍ ഇമേജിംഗ് കാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 34 അംഗ ബോംബ് സ്ക്വാഡിനെയും വിവിധ ഇടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
ശബരിമലയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ള പോലീസുകാര്‍ക്കു പുറമേ കേന്ദ്രസേനയും രംഗത്തുണ്ട്. അധികസുരക്ഷയ്ക്കായി 127 അംഗ സിആര്‍പിഎഫ്, 60 അംഗ എന്‍ഡിആര്‍എഫ്, 13 അംഗ കമാന്‍ഡോ തുടങ്ങിയ കേന്ദ്രസേനകളെയും നിയോഗിച്ചിട്ടുള്ളത്.
10 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 10 ഡിവിഷനുകള്‍ തിരിച്ചാണ് ശബരിമലയില്‍ പോലീസിന്റെ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 35 ഇന്‍സ്പെക്ടര്‍മാര്‍, 105 എസ്ഐ, എഎസ്ഐമാര്‍ എന്നിവരെയും 10 ഡിവിഷനുകളില്‍ നിയോഗിച്ചിട്ടുണ്ട്.