പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇന്ന് നാല് യുവതികൾ ദർശനത്തിനെത്തി. ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഇവർ മടങ്ങി. ഞായറാഴ്ച രാവിലെ തെലുങ്കാന സ്വദേശിനികളായ വാസന്തി, ആദിശേഷ എന്നിവരാണ് ആദ്യം ദർശനത്തിനായി എത്തിയത്. എന്നാൽ പ്രതിഷേധമുണ്ടായതോടെ പോലീസ് ഇടപെട്ട് ഇവരെ തിരിച്ചയക്കുകയായിരുന്നു.
പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെ സന്നിധാനത്തേക്കുപോയ ഇവരെ നീലിമലയിൽ പ്രതിഷേധക്കാർ തടയുകയായിരുന്നു. ഇതോടെ വിവരം അറിഞ്ഞെത്തിയ പോലീസുകാർ ഇവർക്ക് സുരക്ഷയൊരുക്കി പമ്പയിലെ പോലീസ് ഗാർഡ് റൂമിലേക്കു കൊണ്ടുവരികയും ചെയ്തു. ഇതിനു പിന്നാലെ ഉച്ചയോടെ ആന്ധ്രാ സ്വദേശിനിയായ ബാലമ്മയെന്ന യുവതി നടപ്പന്തലിലെത്തി. ഡോളിയിലാണ് ഇവർ നടപ്പന്തലിൽ എത്തിയത്. ഇവർക്ക് 50 വയസില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ തടഞ്ഞത്.
പ്രതിഷേധക്കാർ തടഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി ഇവരുടെ പ്രായം സംബന്ധിച്ച രേഖകൾ പരിശോധിച്ചു. 47 വയസായിരുന്നു ഇവർക്ക്. ഈ രേഖകൾ തട്ടിയെടുത്ത പ്രതിഷേധക്കാർ പ്രതിഷേധം ശക്തമാക്കി. ഇതോടെ ബാലമ്മ മടങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പന്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ പുഷ്പലത എന്ന സ്ത്രീയെ മരക്കൂട്ടത്തുവച്ച് പ്രതിഷേധക്കാർ തടഞ്ഞു. ഇവർക്കും അന്പതു വയസിനു താഴെയാണ് പ്രായമെന്ന് പ്രതിഷേധക്കാർ ആരോപിക്കുകയായിരുന്നു. ഇവരെയും പോലീസ് പിന്നീട് പന്പയിൽ എത്തിച്ചു. അതേസമയം, ബാലമ്മയും പുഷ്പലതയും ഒരുമിച്ചാണ് എത്തിയതെന്നാണ് സൂചന.