പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുന്ന അഞ്ച്, ആറ് തീയതികളിലേക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ശബരിമലയിൽ ഒരുക്കും. മൂന്നിനു തന്നെ ശബരിമലയും പരിസരവും പൂർണമായി പോലീസ് നിയന്ത്രണത്തിലാക്കാനാണ് തീരുമാനം. 5000 പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കും.
അഞ്ചിന് വൈകുന്നേരമാണ് നട തുറക്കുന്നത്. ആറിനു രാത്രി നട അടയ്ക്കുകയും ചെയ്യും.ഐജി പി. വിജയന്റെ നേതൃത്വത്തിൽ സന്നിധാനത്തെ സുരക്ഷ ക്രമീകരിക്കും. നിലയ്ക്കൽ മുതൽ പന്പ വരെയുള്ള ചുമതല ഐജി എം.ആർ. അജിത്കുമാറിനും നൽകിയിട്ടുണ്ട്.
16നാരംഭിക്കുന്ന മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്തവണത്തെ ക്രമീകരണങ്ങൾ. പന്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ എസ്പിമാരുടെ ചുമതലയിൽ പോലീസ് സേനയെ നിയോഗിക്കും. ഐജിമാർക്കൊപ്പം ഓരോ ജൂണിയർ ഐപിഎസ് ഓഫീസർമാരും സഹായത്തിനുണ്ടാകും.
സുപ്രീംകോടതി വിധി പ്രകാരം ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം തേടി ആരെങ്കിലും എത്തിയാൽ അവർക്കു സുരക്ഷ ഒരുക്കുകയെന്നതാണ് പോലീസിന്റെ പ്രധാന ദൗത്യം. തുലാംമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ അനുഭവങ്ങൾ മുൻനിർത്തി വേണ്ടത്ര മുൻകരുതലെടുക്കാനാണ് രണ്ടുദിവസം മുന്പേ പോലീസിനെ വിന്യസിക്കുന്നത്. ശബരിമല സന്നിധാനം, കാനനപാത, നിലയ്ക്കൽ എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങുന്നത് ഒഴിവാക്കാൻ പോലീസ് ശ്രമിക്കും.