ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 51 യുവതികൾ ശബരിമല കയറിയെന്ന് സർക്കാർ. സുപ്രീംകോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ശബരിമല കയറിയവരുടെ പട്ടികയും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു.
ശബരിമലയിൽ കയറിയ യുവതികളുടെ ആധാർ നന്പർ അടക്കമാണ് സർക്കാർ കോടതിയിൽ പട്ടിക സമർപ്പിച്ചത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഏറെയും ശബരിമലയിൽ ദർശനം നടത്തിയത്. ആവശ്യപ്പെട്ടവർക്ക് സുരക്ഷ നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കനക ദുർഗയും ബിന്ദുവും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. പത്തിനും 50നും ഇടയിൽ പ്രായമുള്ളവരാണ് ശബരിമല കയറിയത്. 7,564 യുവതികളാണ് ഓണ് ലൈൻ വഴി രജിസ്റ്റർ ചെയ്തത്. ഇതിൽ 51 പേരാണ് ശബരിമലയിൽ ദർശനം നടത്തിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം സാധ്യമായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് ശേഷം 51 യുവതികൽ ശബരിമല ദർശനം നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് സംബന്ധിച്ച് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സ്ഥിരീകരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ പ്രായം ഇനി സർക്കാരിന്‍റെ പരിഗണനയിൽ വരുന്ന വിഷയമല്ല. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയോടെ ഏത് പ്രായത്തിലുമുള്ള യുവതികൾക്ക് ശബരിമല ദർശനം നടത്താൻ കഴിയും. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള 7,564 സ്ത്രീകളാണ് വർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തത്. ഇവരിൽ 51 പേരാണ് ദർശനം നടത്തിയതെന്ന് മന്ത്രി സ്ഥിരീകരിച്ചു.
എന്നാൽ ഇവർ ഏത് വഴിയാണ് പോയതെന്ന ചോദ്യത്തിന്, അവർക്ക് സൗകര്യമുള്ള വഴി പോയിക്കാണുമെന്ന മറുപടിയാണ് മന്ത്രി നൽകിയത്. അതൊന്നും സർക്കാർ പരിഗണിക്കേണ്ട വിഷയമല്ല. സെപ്റ്റംബർ 28ന് ശേഷം പ്രായം പരിശോധിക്കുന്ന സംവിധാനം അവിടെയുണ്ടായിട്ടില്ല. വലിയ വാർത്താ സമ്മേളനം ഒക്കെ നടത്തി വന്നവരെ പ്രതിഷേധക്കാർ തടഞ്ഞിട്ടുണ്ടാകും. അല്ലാതെ വന്ന ഭക്തർ സുഗമമായി മലകയറി മടങ്ങിയെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.