തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി കേരള പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനു സ്വീകാര്യതയേറുന്നു. ഇതിനകം പ്രശസ്തമായ വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനൊപ്പം മൊബൈല്‍ ആപ്പും തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാവുകയാണ്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ നിരവധി വിവരങ്ങള്‍ പുതിയ മൊബൈല്‍ ആപ് വഴി ലഭിക്കും.
സന്നിധാനത്ത് ദര്‍ശനത്തിനായി തല്‍സമയം വേണ്ടിവരുന്ന കാത്തിരിപ്പു സമയം, പമ്പയിലെ വിവിധ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ തല്‍സമയമുള്ള ലഭ്യത, പമ്പയിലെയും സന്നിധാനത്തെയും കാലാവസ്ഥ, ശബരിമല റൂട്ട് മാപ് എന്നിവയും പുതിയ മൊബൈല്‍ ആപ്പില്‍ ലഭിക്കും. അടുത്തുള്ള ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നീ വിവരങ്ങളും ആപ്പ് വഴി അറിയാം. കൂടാതെ, ശബരിമലയിലെ ഓരോ ദിവസത്തെയും പ്രധാന ചടങ്ങുകള്‍, പ്രധാന ഫോണ്‍ നമ്പരുകള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, പത്രക്കുറിപ്പുകള്‍ എന്നിവയും ലഭിക്കും.
കാണാതാവുന്ന ആളുകളുടെയും വസ്തുക്കളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി പോലീസിനെ അറിയിക്കാനും ആപ്പില്‍ സൗകര്യമുണ്ട്. എല്ലാ പ്രധാന ദക്ഷിണേന്ത്യന്‍ ഭാഷകളിലും പൊതുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും അപ്പിന്റെ സവിശേഷതയാണ്. വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനുള്ള സൗകര്യവും ആപ്പ് ഒരുക്കുന്നു.