കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രശ്നങ്ങളും ഏറെ ചര്‍ച്ചായി മാറുമ്പോഴും മാലയിട്ട് വ്രതമനുഷ്ഠിച്ച് മലചവിട്ടാനൊരുങ്ങി യുവതികള്‍ . കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 60 ഓളം പേരാണ് വ്രതമനുഷ്ഠിക്കുന്നത്.
സുപ്രീംകോടതി വിധി അനുകൂലമാവുമെന്ന പ്രതീക്ഷയില്‍ അതിനു മുമ്പേ തന്നെ ഇവര്‍ വ്രതം ആരംഭച്ചിരുന്നു. മണ്ഡലമാസത്തിലെ ഏതെങ്കിലും ഒരു ദിവസം പോവാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ദിവസം ഏതാണെന്നത് ഉറപ്പാക്കിയിട്ടില്ലെന്ന് സംഘത്തിലുള്‍പ്പെട്ട അധ്യാപിക പറഞ്ഞു. അതേസമയം മാലയിട്ട് വ്രതമനുഷ്ഠിക്കുന്ന മൂന്നുപേരുടെ വിവരങ്ങള്‍ സഹിതം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഇവരുടെ പേര്, പശ്ചാത്തലം, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. മറ്റുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം യാത്ര ഉറപ്പാക്കിയാല്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്. വ്രതമനുഷ്ഠിക്കുന്നവരെ കണ്ടെത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കും. ഈ സാഹചര്യത്തില്‍ ഇവര്‍ക്കു സുരക്ഷ ഒരുക്കേണ്ടതും പോലീസിന്റെ ബാധ്യതയായി മാറുമെന്നാണ് സേനാംഗങ്ങള്‍ കരുതുന്നത്.
ഇതോടെ തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോഴുണ്ടായ സ്ത്രീപ്രവേശനം മണ്ഡലമാസവും തുടരുമെന്നുറപ്പായി. വിശ്വാസികളല്ലാത്ത സ്ത്രീകളാണ് തുലാമാസ പൂജക്കായി എത്തിയിരുന്നതെന്നാണ് വ്യാപകമായി ഉയരുന്ന ആരോപണം. ആക്ടിവിസ്റ്റാണെന്നതും പോലീസ് കേസുകളില്‍ പ്രതിയാണെന്നതും ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ പമ്പയിലെത്തിയ യുവതികളെ പോലീസ് തിരിച്ചയച്ചത്.
എന്നാല്‍ വ്രതമനുഷ്ഠിച്ച് വരുന്ന സ്ത്രീകളെ പമ്പയില്‍ നിന്ന് തിരിച്ചയക്കാന്‍ പോലീസിനാവില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാം. തിരിച്ചറിയല്‍ രേഖകളിലെ വയസും മറ്റും പരിശോധിച്ച ശേഷമാണ് സംശയമുള്ള സ്ത്രീകളെ ഇപ്പോള്‍ മലകയറ്റുന്നത്. മണ്ഡലമാസത്തോടെ കൂടുതല്‍ സ്ത്രീകള്‍ എത്തുമെന്നതിനാല്‍ സുരക്ഷ ഒരുക്കേണ്ടതിനെ കുറിച്ച് പോലീസ് ഇപ്പോഴേ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.