ശബരിമലയില്‍ ആകാശ നിരീക്ഷണം ആരംഭിച്ചു

sabarimalaശബരിമല: സുരക്ഷയുടെ ഭാഗമായി നാവികസേനയും സംസ്ഥാന പോലീസും ചേര്‍ന്ന് സന്നിധാനത്തും പരിസരങ്ങളിലും ആകാശനിരീക്ഷണം ആരംഭിച്ചു. എരുമേലി, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളിലാണ് നാവികസേനയുടെ വിമാനത്തില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നത്.

മണ്ഡലപൂജയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്. എല്ലാ ആധുനിക സജ്ജീകരണങ്ങളും സായുധരായ കമാന്‍ഡോകളും സംസ്ഥാന പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. പരിശോധനയുടെ ഭാഗമായി വനമേഖലകള്‍ക്കുള്ളില്‍ കോപ്റ്റര്‍ ഹോള്‍ഡ് ചെയ്ത് പരിശോധിക്കാനും ആവശ്യമാണെങ്കില്‍ സംശയമുള്ളവര്‍ക്കെതിരെ വെടിയുതിര്‍ക്കാനും കമാന്‍ഡോകള്‍ക്ക് അധികാരമുണ്ട്.

കോപ്റ്ററില്‍ സജ്ജീകരിച്ച ആധുനിക കാമറകള്‍ ഉപയോഗിച്ച് ശബരിമല സെക്ടറിന്റെ ദൃശ്യങ്ങള്‍ സുരക്ഷാസംഘം പകര്‍ത്തുന്നുണ്ട്. ഇവ യഥാസമയം സംസ്ഥാന പോലീസ് മേധാവിക്കും സൈനികോദ്യോഗസ്ഥര്‍ക്കും കൈമാറും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് കോ–ഓര്‍ഡിനേറ്റ് ചെയ്തത്. നിലയ്ക്കലില്‍ നിന്നാണ് സംഘം രാവിലെ നിരീക്ഷണപ്പറക്കല്‍ ആരംഭിച്ചത്. ഇത് മൂന്നുദിവസം തുടരും. നാല് കമാന്‍ഡോകളും ഒരു കമാന്‍ഡിംഗ് ഓഫീസറും പമ്പ എഎസ്ഒയും ഇരിങ്ങാലക്കുട എഎസ്പിയുമായ മെറിന്‍ ജോസഫുമാണ്‌സംഘത്തിലുള്ളത്.

Related posts