ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകുന്നേരം തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ടി.എം. ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയും ചേര്‍ന്നാണു നട തുറന്നത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി വന്ന് ആഴിയില്‍ അഗ്നി പകര്‍ന്നു. ഹൈക്കോടതി നിയോഗിച്ച സ്പെഷല്‍ ഓഫീസര്‍ എം. മനോജിന്റെ മകള്‍ മൂന്നാംക്ലാസുകാരി ജാന്‍വി ഇരുമുടിക്കെട്ടുമായി ആദ്യം തേങ്ങ ഉടച്ച് പതിനെട്ടാംപടി കയറിയതോടെ ഈ വര്‍ഷത്തെ മകരവിളക്ക് തീര്‍ഥാടനത്തിനു തുടക്ക മായി. ഇന്നലെ പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. ഇതേസമയം, മേല്‍ശാന്തി പുതുമന മനു നമ്പൂതിരി മാളികപ്പുറം നട തുറന്നു.
ജനുവരി 14 ന് മകരവിളക്കും ജ്യോതിദര്‍ശനവും കഴിയുന്നതുവരെ പൂങ്കാവനവും പരിസരവും ശരണംവിളികളാല്‍ മുഖരിത മാ കും. ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ പമ്പാ സംഗമവും ജനുവരി 13 ന് പമ്പാ സദ്യയും വിളക്കും നടക്കും. 11ന് എരുമേലി പേട്ടതുള്ളല്‍. 12ന് പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ജനുവരി 19 വരെയാണ് ദര്‍ശനം. 20നു രാവിലെ ഏഴിന് നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവ ത്തിനു സമാപ്തിയാകും.