വടക്കാഞ്ചേരി: ശബരിമലവിഷയത്തിൽ സർക്കാർ എടുത്ത നയം പിന്നീട് ജനങ്ങൾക്ക് ശരിയാണെന്ന് തേന്നുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. പാർളിക്കാട് നൈമിഷാരണ്യത്തിൽ ശ്രീമദ് ഭാഗവതതത്ത്വസമീക്ഷാസത്രസമിതി പുതുതായി നിർമിക്കുന്ന സഭാനികേതന്റെ ശിലാസ്ഥാപനം പാർളിക്കാട് നിർവ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ചെറിയ കഴിവുകളെ വിപുലികരിക്കാൻ കഴിയണമെന്നും, എല്ലാവരും നന്മ ഉൾകൊള്ളാൻ കഴിവുള്ളവരാകണമെന്നും, എല്ലാ മതസ്ഥരേയും ഒന്നായി കാണണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു സംഭവം ഉണ്ടാകുന്പോൾ അവിടെ എല്ലാവരും ഓടിയെത്തണമെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ സ്വാമി ഭൂമാനന്ദതീർത്ഥ പറഞ്ഞു. അനിൽ അക്കര എംഎൽഎ മുഖ്യാപ്രഭാഷണം നടത്തി.
നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ, ടി.ജി.അശോകൻ, പി.ആർ.അരവിന്ദാക്ഷൻ, ചന്ദ്രമോഹൻ കുന്പളങ്ങാട്, പ്രസ് ഫോറം പ്രസിഡന്റ് വി.മുരളി, ശശികുമാർ കൊടയ്ക്കാടത്ത്, ജയചന്ദ്രൻ, പി.എസ്.സാധുപതമനാഭൻ, ശ്രീദേവി ഋഷികേശ് തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ 17 വർഷക്കാലമായി താൽക്കാലിക ഷെഡിൽ നടന്നു വന്നിരുന്ന സമീക്ഷാ സത്രം അടുത്ത വർഷം മുതൽ സഭാനികേതനിൽ നടത്താൻ നമുക്ക് കഴിയണമെന്ന് സ്വാമി ഭൂമാനന്ദ തീർത്ഥസമാപന വാക്കുകളിൽ അറിയിച്ചു.