ശബരിമല സമരത്തിന് പിന്നിൽ സവർണ ലോബി; ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല: വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല സമരത്തിനെതിരേയും കോണ്‍ഗ്രസ്-ബിജെപി നിലപാടുകൾക്കെതിരേയും ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ശബരിമല യുവതീപ്രവേശനത്തിനെതിരേ നടന്ന സമരങ്ങൾക്ക് പിന്നിൽ സവർണ ലോബിയാണെന്നും ഇത്തരം സമരങ്ങൾ കൊണ്ട് ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

അയ്യപ്പഭക്ത സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ തന്നെയായിരുന്നു. ശബരിമല നല്ല അവസരമാണെന്ന് കണ്ട് തന്നെയാണ് ബിജെപിയും കോണ്‍ഗ്രസും വിശ്വാസികൾക്കൊപ്പമെന്ന് പറഞ്ഞ് രംഗത്തുവന്നത്. ശബരിമല നല്ല അവസരമാണെന്ന് പി.എസ്.ശ്രീധരൻപിള്ള തന്നെ പറഞ്ഞത് നമ്മൾ കേട്ടില്ലേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജനത്തെ എന്നും മണ്ടന്മാരാക്കാമെന്ന് ആരും കരുതരുത്. ഈ സവർണ കൂട്ടായ്മയുടെ കൂടെ എസ്എൻഡിപിക്ക് ചേരേണ്ട കാര്യമില്ല. ഇവർക്കിപ്പോഴും പിന്നോക്ക വിഭാഗക്കാരനെ അംഗീകരിക്കാൻ മടിയാണ്. തിരുവതാംകൂർ ദേവസ്വം ബോർഡിലും ക്ഷേത്രങ്ങളിലും 95 ശതമാനവും അവർണരല്ലെയെന്നും ഇത്രകാലം തങ്ങൾ കരഞ്ഞിട്ടും പരിഗണന നൽകിയോ എന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങൾക്കൊന്നും ഈഴവ സമൂഹം ഇറങ്ങരുത്. ഇവരെല്ലാം വ്യക്തമായ രാഷ്ട്രീയം മുൻനിർത്തിയാണ് സമരം ചെയ്യുന്നത്. സമരത്തിനിറങ്ങി അടിമേടിച്ച് ജയിലിൽ പോയാൽ ഒരു ബിജെപിക്കാരനും സംരക്ഷിക്കാൻ വരില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് സമദൂരം പറയുമെങ്കിലും അവർക്ക് ബിജെപിയോടാണ് താത്പര്യം. അവരുടെ സമുദായ അംഗങ്ങൾ ഭൂരിഭാഗവും ബിജെപിയിൽ അല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഗുരുവായൂരിൽ ആനപ്പിണ്ടം പെറുക്കാനെങ്കിലും പട്ടിക ജാതിക്കാരനെ നിയോഗിക്കണം. ഇത് പറയുന്പോൾ ജാതി പറയുന്നുവെന്ന് ആക്ഷേപിക്കും. ദേവസ്വം ബോർഡുകളിൽ പിന്നോക്കക്കാരനുമായി അധികാരം പങ്കുവയ്ക്കണം. ഇതെല്ലാം നടത്തിയിട്ടാവാം ഹിന്ദു ഐക്യമുണ്ടാക്കുന്നത്. ഒരു രാജാവും ഒരു തന്ത്രിയും പിന്നെ ചങ്ങനാശേരിയുമാണ് ശബരിമല സമരത്തിന് പിന്നിൽ. ആത്മീയത മാർക്കറ്റ് ചെയ്യുകയാണ് ഇവരുടെ ഉദ്ദേശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിൽ അടുത്ത തവണയും നരേന്ദ്ര മോദി തന്നെ അധികാരത്തിൽ വരുമെന്നാണ് താൻ കരുതുന്നത്. മോദി പ്രഭാവം രാജ്യത്ത് മങ്ങിയിട്ടില്ല. എസ്എൻഡിപി സമുദായം ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും സാമുദായിക താത്പര്യം മാത്രം മുൻനിർത്തി പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്‍റെ രാഷ്ട്രീയ നിലപാട് തനിക്ക് അറിയില്ല. അക്കാര്യം വ്യക്തമാക്കേണ്ടത് അവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഗുണങ്ങളെല്ലാം ഒരു വിഭാഗത്തിനും ദോഷമെല്ലാം സർക്കാരിനും എന്ന നിലയാണ്. ലക്ഷക്കണക്കിന് സ്ത്രീകളെ അണിനിരത്തി വനിതാ മതിൽ നടത്തിയ ശേഷം പിറ്റേന്ന് ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ മാത്രം മണ്ടനല്ല പിണറായി വിജയൻ. ഇതിനെല്ലാം പിന്നിൽ ചില ലോബികളുണ്ട്. സുപ്രീംകോടതിയിൽ തെറ്റായ കണക്ക് കൊടുത്തതിന് പിന്നിൽ ഉദ്യോഗസ്ഥ ലോബിയാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നതിൽ സർക്കാരിന് പാളിച്ച സംഭവിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Related posts