തിരുവനന്തപുരം: സ്ത്രീ പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3701 പേർ. രജിസ്റ്റർ ചെയ്ത 543 കേസുകളിലാണ് ഈ അറസ്റ്റുകൾ.
കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽനിന്നു തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമം അഴിച്ചുവിട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അക്രമ സംഭവങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്നവരുടെ ചിത്രങ്ങൾ പത്തനംതിട്ട ജില്ലാ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. എല്ലാ ജില്ലകളിലെയും പോലീസ് മേധാവികൾക്കു ചിത്രങ്ങൾ കൈമാറിയിട്ടുണ്ട്. മുഴുവൻ പ്രതികളെയും പിടികൂടാനാണ് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരിക്കുന്നത്.