തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ അക്രമം ഉണ്ടാക്കിയവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഗവർണർ പി.സദാശിവത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. ഇന്നലെ രാത്രി ഏഴരയ്ക്ക് രാജ്ഭവനിലെത്തി ഗവർണറെ കണ്ടാണ് മുഖ്യമന്ത്രി ഈ ഉറപ്പു നൽകിയത്.
ഗവർണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും അക്രമം അമർച്ച ചെയ്യാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ മൂന്നിനു മുഖ്യമന്ത്രിയിൽ നിന്ന് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നാലിനു സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് ഗവർണർ പ്രാഥമിക വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർ കേന്ദ്രത്തിന് വിശദമായ റിപ്പോർട്ട് നൽകും.
പ്രളയ പുനരധിവാസ നടപടികളിലെ പുരോഗതിയെക്കുറിച്ചും സംസ്ഥാനത്തെ മറ്റ് പ്രധാന സംഭവങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി രാജ്ഭവൻ അറിയിച്ചു.
അക്രമങ്ങളുടെ ദൃശ്യങ്ങളും പ്രതികളുടെ ചിത്രങ്ങളും അവരുടെ രാഷ്ട്രീയബന്ധവും സഹിതമുള്ള വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ഒപ്പിട്ട് രാജ്ഭവനിലെത്തിച്ചു. ഭരണപ്രതിസന്ധിയല്ല സംസ്ഥാനത്തുള്ളതെന്നും കലാപം ലക്ഷ്യമിട്ട് ബോധപൂർവമായ ആക്രമണങ്ങളാണുണ്ടായതെന്നും രേഖകൾ സഹിതം ഗവർണറോട് മുഖ്യമന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കേസുകളിൽ 92 ശതമാനം പ്രതികളും ബിജെപി, ആർഎസ്എസ് ബന്ധമുള്ളവരാണെന്ന പോലീസ് റിപ്പോർട്ടുകൾ സഹിതമാണ് മുഖ്യമന്ത്രി ഗവർണറെ കാര്യങ്ങൾ ധരിപ്പിച്ചത്.