കാസർഗോഡ്: മഞ്ചേശ്വരത്തും പരിസര പ്രദേശങ്ങളിലും അക്രമം തുടരുന്നു. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗളൂരുവില്‍ എസി ടെക്നീഷ്യനായ കടമ്ബാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍ (27), കുമ്പള ഷിറിയയിലെ വസന്തന് (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി പതിനൊന്നോടെയാണ്സംഭവം.
കടമ്പാര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് ഗുരുപ്രസാദിനും കിരണിനും വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരു പ്രസാദിന് വയറിന് പിറകുവശത്തും കൈക്കുമാണ് പരിക്ക്. കിരണിന്റെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുമ്പള ഷിറിയ സ്കൂളിന് സമീപത്ത് വെച്ചാണ് വസന്തന് കുത്തേറ്റത്.
ഷിറിയ സ്കൂളിന് സമീപം താമസിക്കുന്ന ദിവാകരന്റെ മകന് ചരണ്‍ രാജിനെ ഒരു സംഘം മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് വസന്തന് കുത്തേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദിച്ച മദ്രസ അധ്യാപകന് ബായാര്‍ മുളിഗദ്ദെയിലെ കരീം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കടമ്പാറില്‍ ആരാധനാലയത്തിന് മുന്നില്‍ ടയര്‍ കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച കടമ്ബാര്‍ ഗാന്ധിനഗര്‍ സ്വദേശി മുഹമ്മദിന്റെ മകന് ഇംതിയാസി(29)നെ ഹര്‍ത്താല്‍ അനുകൂലികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.