പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിച്ചവർക്കെതിരേ നടപടി തുടരുമെന്നു പോലീസ്. ഇതിന്റെ ഭാഗമായി 150 പേരുടെ ചിത്രങ്ങൾ അടങ്ങിയ പുതിയ വെരിഫിക്കേഷൻ ആൽബം പോലീസ് പ്രസിദ്ധീകരിച്ചു.
സന്നിധാനത്തു കഴിഞ്ഞ ദിവസം 52 വയസുള്ള സ്ത്രീയെ തടഞ്ഞ കേസിൽ പത്തനംതിട്ട പോലീസ് തയാറാക്കിയ 150 പേരുടെ ചിത്രങ്ങൾ അടങ്ങിയ ആൽബം പോലീസ് എല്ലാ ജില്ലകളിലേക്കും അയച്ചുകൊടുത്തു. സ്ത്രീയെ തടഞ്ഞ സംഭവത്തിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളാണു തിരിച്ചറിയാനായി പോലീസിന് അയച്ചു കൊടുത്തത്. ഇതിൽപ്പെട്ടവരെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് ചെയ്തു പത്തനംതിട്ട പോലീസിനു കൈമാറാനാണു നിർദേശം.
സന്നിധാനത്തെ സംഘർഷത്തിൽ അന്ന് 200 പേർക്കെതിരേ സന്നിധാനം പോലീസ് കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. സ്ത്രീയെ തടയുന്ന സമയത്തു തിക്കിത്തിരക്കിയ ആൾക്കൂട്ടത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും ചിത്രങ്ങൾ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം കേസിൽ കുടുങ്ങും.
ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വിവിധ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് അയച്ചുകൊടുത്ത ചിത്രങ്ങൾ പോലീസ് സ്റ്റേഷനുകൾ വഴി തിരിച്ചറിയാനുള്ള നടപടി തുടങ്ങി.
ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയിൽ എത്തിയ തീർഥാടകരിൽ 200 പേർ മാത്രമാണ് യഥാർഥ ഭക്തരെന്നും 7000 പേർ ബിജെപി, ആർഎസ്എസ്, സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരാണെന്നുമാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.