തിരുവനന്തപുരം: ശബരിമലയിലെ സംഭവങ്ങൾ ദൗർഭാഗ്യകരമെന്ന് മാതാ അമൃതാനന്ദമയി. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളും ക്ഷേത്ര സങ്കൽപ്പവുമുണ്ട്. അത് അവഗണിക്കുന്നത് ശരിയല്ലെന്നും അമൃതാനന്ദമയി പുത്തരിക്കണ്ടം മൈതാനത്തു നടന്ന അയ്യപ്പഭക്ത സംഗമം പരിപാടിയിൽ പറഞ്ഞു.
ക്ഷേത്ര ആചാരങ്ങളെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പരമ്പരാഗത ആചാരങ്ങൾ വേണ്ടവിധം പാലിച്ചില്ലെങ്കിൽ പ്രതികൂല ഫലമുണ്ടാകും. ഇക്കാര്യം ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കും. ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്- മാതാ അമൃതാനന്ദമയി പറഞ്ഞു.
മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്ത അയ്യപ്പഭക്ത സംഗമം പരിപാടിയിൽ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. വിവിധ മഠങ്ങളിലെ സന്യാസിമാരും പതിനായിരക്കണക്കിന് അയ്യപ്പ ഭക്തരുമാണ് നാമജപ യാത്രയിലും സംഗമത്തിലും പങ്കെടുത്തത്.
യുവതീപ്രവേശനത്തിനെതിരെ ശക്തമായി മുന്നോട്ടു പോകാനാണ് ശബരിമല കർമസമിതിയുടെ തീരുമാനം. ഇതിനു മുന്നോടിയായിട്ടാണ് രണ്ടു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് അയ്യപ്പഭക്ത സംഗമം സംഘടിപ്പിച്ചത്.