അന്നദാന മണ്ഡപം വിഷുവിനു മുമ്പ് പൂര്‍ണ സജ്ജമാകും

SABARIMALA-ANNADANAMശബരിമല: വിഷുവിനു മുമ്പ് സന്നിധാനത്തെ അന്നദാനമണ്ഡപം പൂര്‍ണസജ്ജമാകുമെന്ന് ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍. സന്നിധാനത്തെ അന്നദാന മണ്ഡപം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നദാനം വിജയകരമായി നടത്താന്‍ കഴിയുന്നുണ്ട്. സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ ഒരേ സമയം 10000 പേര്‍ക്ക് ഭക്ഷണം നല്‍കി വരുന്നു. ഇവിടെ 27,000 ചതുരശ്ര അടി സ്ഥലമാണ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളത്.

സമുച്ചയത്തിന്റെ മുകളിലുള്ള രണ്ടു നില കൂടി  പ്രവര്‍ത്തനക്ഷമമായി കഴിയുമ്പോള്‍ 70,000 സ്ക്വയര്‍ഫീറ്റ് സ്ഥലം അന്നദാനത്തിനായി ലഭിക്കും. പൂര്‍ണതയിലെത്തിക്കഴിയുമ്പോള്‍ ഒരു സമയം 30,000 പേര്‍ക്കും ഒരു ദിവസം ഒന്നരലക്ഷം പേര്‍ക്ക് വരെയും അന്നദാനം ലഭ്യമാക്കാന്‍ സാധിക്കും. അന്നദാനമണ്ഡപം പ്രത്യേക മൂന്നു യൂണിറ്റുകളായി നടത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

തീര്‍ഥാടനം മികച്ച നിലയില്‍ മുന്നോട്ടു പോകുകയാണ്. കുടിവെള്ളം, മാലിന്യസംസ്കരണ പ്ലാന്റ്, വലിയ രീതിയില്‍ ആരംഭിച്ച അന്നദാനം എന്നിവ സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും തീര്‍ഥാടനം മൂന്നാഴ്ച പിന്നിടുമ്പോള്‍ തൃപ്തികരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഒരുക്കിയിട്ടുള്ള ബദല്‍ സംവിധാനങ്ങള്‍ തീര്‍ഥാടകര്‍ സ്വീകരിച്ചു.

ഉന്നതാധികാരസമിതിയും ദേവസ്വം ബോര്‍ഡും ജല അഥോറിറ്റിയും ചേര്‍ന്നാണ് ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്. തീര്‍ഥാടകര്‍ക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കാന്‍ കഴിയുന്നുണ്ട്. ഏറ്റവും സന്തോഷകരമായ കാര്യം തീര്‍ഥാടകര്‍ പ്ലാസ്റ്റിക്കിനെതിരായ സന്ദേശം ഉള്‍ക്കൊണ്ടുവെന്നതാണ്. ഇപ്പോള്‍ അഞ്ചു ശതമാനം പേര്‍ പോലും കുപ്പിവെള്ളവുമായി ശബരിമലയില്‍ വരുന്നില്ല. അടുത്തവര്‍ഷം പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവരുതില്‍നിന്നു പോലും തീര്‍ഥാടകരെ പിന്തിരിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts