ശബരിമല: ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനം അട്ടിമറിക്കാന്‍ ഗൂഢ നീക്കം. ഒരു പരാതിക്കും ഇടനല്‍കാതെ ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തുന്നതുകൊണ്ട് സാമ്പത്തികനഷ്ടം ഉണ്ടായ ചില വ്യക്തികളും ഗ്രൂപ്പുകളുമാണ് അട്ടിമറിക്കു പിന്നിലെന്നു സംശയം. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചതായി അറിയുന്നു. 1800നും രണ്ടായിരത്തിനും ഇടയ്ക്കുള്ള തീര്‍ഥാടകര്‍ക്കാണ് പുലര്‍ച്ചെ ആറു മുതല്‍ അര്‍ധരാത്രി വരെ അന്നദാന മണ്ഡപത്തില്‍നിന്നു ആഹാരം കഴിക്കുന്നത്.
ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഗുണമേന്മയുള്ള ആഹാരമാണ് വിതരണംചെയ്യുന്നത്. അന്നദാന വഴിപാടിന്റെ പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തും വ്യക്തികളും സംഘടനകളും നടത്തിയ പിരിവ് ഈ വര്‍ഷം മുതല്‍ ഇല്ലാതായി. ഇതുകൊണ്ടുതന്നെ അന്നദാനം അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം.
അന്നദാനമണ്ഡപത്തില്‍ ക്യൂ നില്ക്കുന്ന തീര്‍ഥാടകരുടെ ഇടയിലേക്ക് സ്വാമിവേഷം ധരിച്ച് ചിലര്‍ കടന്നുകൂടി പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വിവരമാണ് പോലീസിനു കിട്ടിയിരിക്കുന്നത്. അന്നദാനവിതരണം സുഗമമായി നടക്കുന്നില്ലായെന്ന പ്രതീതി ജനിപ്പിക്കുകയും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുമാണ് ശ്രമമെന്നും അറിയുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ദേവസ്വം ബോര്‍ഡ് മാത്രം ഈ സീസണില്‍ ശബരിമലയിലും പമ്പയിലും അന്നദാനം നടത്തുന്നത്.
പ്രത്യേക യൂണിഫോം ധരിച്ച് ഗ്ലൗസുകളും അണിഞ്ഞ് ശുചിത്വത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഉള്‍പ്പെടെ 400 പേരാണ് അന്നദാന മണ്ഡപത്തില്‍ ജോലിചെയ്യുന്നത്. ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടെന്നറിഞ്ഞതിനെത്തുടര്ന്ന് ജീവനക്കാര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശമാണ് ദേവസ്വം ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്നതാണ് ശബരിമലയിലെ അന്നദാന വിതരണമെന്നും ഇതിനെ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലായെന്നും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ രാഷ്്ട്രദീപികയോടു പറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യവും അന്നദാനമണ്ഡപത്തില്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ഇന്ന്
ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ
മൂന്നിന് നട തുറക്കല്‍
6.30ന് ദീപാരാധന
രാത്രി ഏഴിന് പുഷ്പാഭിഷേകം
പത്തിന് അത്താഴ പൂജ
10.20ന് ഹരിവരാസനം
10.30ന് നട അടയ്ക്കല്‍
ശുദ്ധജല ക്ഷാമം
പമ്പ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ശുദ്ധജല ക്ഷാമം. ജലവിഭവ വകുപ്പ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ശുദ്ധജല വിതരണ കൗണ്ടര്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനരഹിതമാണ്. കുപ്പിവെള്ളം ഹൈക്കോടതി നിരോധിച്ചതിനാല്‍ കുടിവെള്ളത്തിന് കടുത്ത ക്ഷാമമാണ് പമ്പയില്‍ നേരിടുന്നത്. ഇതു പരിഹരിക്കാന്‍ വേണ്ടിയാണ് ശുദ്ധജല വിതരണ കൗണ്ടര്‍ സ്ഥാപിച്ചത്. എന്നാല്‍, ഇന്നലെ രാത്രി മുതല്‍ ഇതും പ്രവര്‍ത്തനരഹിതമാകയാല്‍ തീര്‍ഥാടകര്‍ തീര്‍ത്തും ബുദ്ധിമുട്ടുകയാണ്.
പമ്പയില്‍ റെയ്ഡ് : പിഴ ഈടാക്കി
പമ്പ: ഡ്യൂട്ടി മജിസ്ട്രേറ്റ് വി.രാജചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കി. കഴിഞ്ഞ രണ്ടു ദിവസമായി കടകളില്‍ നടത്തിയ പരിശോധനയില്‍ 25,000 രൂപ പിഴ ചുമത്തി. സ്റ്റീല്‍ പാത്രത്തിന് കൂടുതല്‍ വില വാങ്ങിയ രാമമൂര്‍ത്തി മണ്ഡപത്തിനു സമീപത്തെ മൂന്ന് കടകളില്‍ നിന്ന് 12,500 രൂപയും ഭക്ഷണസാധനങ്ങളുടെ അളവില്‍ കുറവ് കണ്ടെത്തിയതിന് പമ്പ പോലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ നിന്ന് 2500 രൂപയും പിഴ ഈടാക്കി. വിരിക്കും ടോയ്ലറ്റിനും അമിത നിരക്ക് ഈടാക്കിയതിന് 10,000 രൂപ പിഴ ചുമത്തി.
ഗ്യാസ്, വിറക് എന്നിവയുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചതായി ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ജി.വി ഹരിഹരന് നായര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ ജിന്സണ്, രത്നമണി, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന് എ.കെ വിജയന്, ബിഡിഒ കെ.ഇ വിനോദ്കുമാര്‍, റവന്യു ഉദ്യോഗസ്ഥന് ഹരികുമാര്‍ എന്നിവരുള്‍പ്പെട്ട സ്ക്വാഡാണ് പരിശോധന നടത്തിയത്. ഡ്യൂട്ടി മജിസ്ട്രേറ്റ് – 9048622309, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് – 9446446868.
കാണിക്കയിലും നടവരവിലും വന്‍ വര്‍ധന
ശബരിമല: മണ്ഡലകാലം ആരംഭിച്ച് 22 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയില്‍ കാണിക്കയിലും നടവരവിലും വന്‍ വര്ധന്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 11.53 കോടി രൂപയാണ് വര്‍ധന. അരവണ വില്പനയില് മുന്‍ വര്‍ഷത്തെക്കാള്‍ ഒമ്പതുകോടിയോളം രൂപ അധികമായി ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ 32.18 കോടി രൂപയായി.അപ്പം വില്പന മുന്‍ വര്‍ഷത്തെ 5.34 കോടിയായിരുന്നത് 6.16 കോടിയായി ഉയര്‍ന്നു.അന്നദാനത്തിനുള്ള സംഭാവന 34.37 ലക്ഷം എന്ന മുന്‍ കണക്കില്‍ നിന്നും 40.25 ലക്ഷമായി വര്‍ധിച്ചു. കാണിക്ക 21.96 കോടിയായിരുന്നത് 23.83 കോടിയായി ഉയര്‍ന്നുവെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.
സമരം കെഎസ്ആര്‍ടിസിയെ ബാധിക്കില്ല
പമ്പ: ശമ്പളം ലഭിക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നു പുലര്‍ച്ചെ ചില ഡിപ്പോകളില്‍ ആരംഭിച്ച സൂചനാ സമരം പമ്പാ കെഎസ്ആര്‍ടിസിയെ ബാധിക്കില്ലായെന്ന് സ്പെഷല്‍ ഓഫീസര്‍ ജി.ശരത് കുമാര്‍ അറിയിച്ചു. സമരം നടക്കുന്ന ഡിപ്പോകളില്‍ പമ്പാ സര്‍വീസിന് മറ്റു ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാജരസീത്: രണ്ടുപേരെ അറസ്റ്റുചെയ്തു
ശബരിമല: സന്നിധാനത്ത് വിരിപ്പുരയ്ക്ക് അമിതനിരക്ക് ഈടാക്കി വ്യാജ രസീത് നല്കിയ രണ്ടുപേരെ സന്നിധാനം പോലീസ് അറസ്റ്റു ചെയ്തു. വ്യാജരസീത് അച്ചടിച്ചുവെന്ന് സമ്മതിച്ച ഒരാളെ സന്നിധാനത്തെ താല്‍ക്കാലിക ജോലിയില്‍ നിന്ന് ഒഴിവാക്കി പറഞ്ഞുവിട്ടു.
നിലമ്പൂര്‍ ഉണക്കമണ്ണ പാലമേട്ടെ മുഹമ്മദ് മന്‍സൂര്‍ (39), കന്യാകുമാരി കുളച്ചില്‍ ചെമ്പന്വിളയിലെ സൈമണ്‍ സ്റ്റോവ് (54) എന്നിവരെയാണ് സന്നിധാനം എസ്ഐ ബി വിനോദ്കുമാര്‍ പിടികൂടിയത്. സൈമണ്‍ സ്റ്റോവിന്റെ സഹോദരന് ജോണ്‍ മാര്‍ക്കോസാണ് വിരിപ്പുരയുടെ ടെന്‍ഡര്‍ ഏറ്റെടുത്തത്. ഇത് മറ്റൊരാളില്‍ നിന്നും ഇയാള്‍ വാങ്ങിയതാണെന്നും അതല്ല മറിച്ചു വിറ്റതാണെന്നും പറയപ്പെടുന്നു.
ബുധനാഴ്ച അര്‍ധരാത്രിക്കുശേഷമാണ് സംഭവം. അന്നാദനമണ്ഡപത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന വിരിപ്പുരയിലാണ് തീര്‍ഥാടകരില്‍ നിന്നും അമിതനിരക്ക് ഈടാക്കിയത്. 25 രൂപയാണ് ദേവസ്വം നിശ്ചയിച്ച നിരക്ക്. ഇതിനുപകരം 35 രൂപയാണ് ഈടാക്കിയത്.