ശബരിമല: അയ്യനെകാണാന്‍ എത്തുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഭക്ഷണം വിളമ്പി ഭക്തരുടെ മനസുനിറിയ്ക്കുകയാണ് ആധുനിക രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന അന്നദാന മണ്ഡപം.ശുചീകരണത്തിന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് എടുക്കുന്ന ഇടവേള മാറ്റിനിര്‍ത്തിയാല്‍ 24 മണിക്കൂറും ഇവിടെ ഭക്ഷണം ലഭിക്കും. ഓരേസമയം 2000 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രഭാത ഭക്ഷണം ഏഴ് മുതല്‍ 11 വരെ: രാവിലെ ഏഴു മുതല്‍ പ്രാഭാതഭക്ഷണം ലഭിക്കും. വിളമ്പുന്നത് ഉപ്പുമാവും കടലക്കറിയും കുടിക്കാന്‍ ചുക്കുകാപ്പിയുമാണ്. വിശപ്പുമായെത്തുന്ന എല്ലാവര്ക്കും 11 മണിവരെ വിളമ്പും. അതിനുശേഷം ഹാളും പരസരവും വൃത്തിയാക്കിയശേഷം ഉച്ചഭക്ഷണമാണ്.
ഉച്ചഭക്ഷണം 12 മുതല്‍ മൂന്നുവരെ: വിഭവ സമൃദ്ധമായ ഊണാണ് ഉച്ചയ്ക്ക് 12 മുതല്‍ വിളമ്പുക. ചോറിനൊപ്പം സാമ്പാറും അവയിലും തോരനും അച്ചാറും ആദ്യവട്ടം വിളമ്പും. രണ്ടാംവട്ടം ചോറും രസവുമാണ് വിളമ്പുക. മൂന്നുമണിവരെ ഉച്ചഭക്ഷണം ലഭിക്കും.
സന്ധ്യയ്ക്ക് ഏഴ് മുതല്‍ രാത്രി ഭക്ഷണം വിളമ്പിത്തുടങ്ങും. കഞ്ഞിയും പയര്‍കറിയും അച്ചാറുമാണ് കഴിക്കാന്‍ നല്‍കുന്നത്. രാത്രി 11 വരെ ഇത് നല്‍കും. 12 മുതല്‍ ലഘുഭക്ഷണവും അന്നദാന മണ്ഡപത്തില്‍ ലഭിക്കും. ഉപ്പുമാവും ഉള്ളിക്കറിയും ചുക്കുകാപ്പിയുമാണ് കഴിക്കാന്‍ നല്‍കുക. പുലര്‍ച്ചെ അഞ്ചു വരെ ഇത് ലഭിക്കും.
സന്നിധാനത്ത് ഓണ്‍ലൈനായും മുറി ബുക്ക് ചെയ്യാം
ശബരിമല: തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് മുറികള്‍ ഓണ്‍ലൈനായി പണമടച്ച് ബുക്കു ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴി 15 ദിവസം മുന്‍കൂറായി ബുക്ക് ചെയ്യണം. 104 മുറികളാണ് ഓണ്‍ലൈന്‍ ബുക്കിംഗിന് നീക്കി വച്ചിട്ടുള്ളത്. 350 മുതല്‍ 2,200 രൂപവരെ വാടക. അതാത് ദിവസത്തേക്ക് മുറിയെടുക്കുന്നതിന് 24 മണിക്കൂറും സൗകര്യമുണ്ടായിരിക്കും.
സന്നിധാനത്തെ അക്കോമഡേഷന്‍ സെന്ററിലാണ് നേരിട്ട് പണമടച്ച് റൂമെടുക്കാവുന്നത്. 250 രൂപ മുതല്‍ 1,500 രൂപക്കു വരെ മുറി ലഭിക്കും. ഒരു മുറിയില്‍ നാല് പേര്‍ക്ക് കഴിയാം. കൂടുതല്‍പേര്‍ക്ക് കഴിയണമെങ്കില്‍ ആനുപാതികമായി പണമടക്കണം. 12 മണിക്കൂര്‍, 16 മണിക്കൂര്‍ സമയത്തേക്കാണ് മുറികള്‍ ലഭിക്കുക. അക്കോമഡേഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന രസീതുമായി ബന്ധപ്പെട്ട കെട്ടിടത്തിലെത്തി കെയര്‍ടേക്കറില്‍ നിന്ന് താക്കോല്‍ വാങ്ങി മുറി ഉപയോഗിക്കാം.
ചിന്മുദ്ര, സഹ്യാദ്രി, പ്രണവം, ശ്രീമാത, ശ്രീമണികണ്ഠ തുടങ്ങി 11 കെട്ടിടങ്ങളിലായി നേരിട്ടും ഓണ്‍ലൈനിലുമായി ആകെ 466 മുറികളാണ് ബുക്കു ചെയ്യാവുന്നത്. ശുചിമുറി, കട്ടില് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ബുക്കിംഗ് സംബന്ധിച്ച പരാതികള്‍ [email protected] എന്ന മെയിലില്‍ അറിയിക്കാം.
ശബരിമല പാതകളില്‍ സുരക്ഷ കടലാസില്‍ മാത്രം
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി ശരണ പാതകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയെന്ന ജില്ലാ ഭരണകൂടത്തിന്റെ വാദം പൊള്ള. റോഡിലെ സുരക്ഷ കടലാസില്‍ മാത്രമാണുള്ളത്. തീര്‍ഥാടന പാതകളില്‍ യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലെന്ന ആക്ഷേപം വ്യാപകമായിരിക്കുകയാണ്.
തീര്‍ഥാടനത്തിന് മുന്നോടിയായി ചേര്‍ന്ന അവലോകന യോഗത്തില്‍ സുരക്ഷിതത്വമൊരുക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി അധികൃതര്‍ അവകാശപ്പെട്ടെങ്കിലും മിക്ക തീര്‍ഥാടന പാതകളിലും ഒന്നും നടന്നിട്ടില്ല. പല റോഡുകളും തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ മിക്ക സ്ഥലങ്ങളിലും പിഴുതു വീണു. പാതയിലെ സിഗ്നല്‍ ലൈറ്റുകളും തകരാറിലാണ്.
മണ്ണാറക്കുളഞ്ഞിക്ക് സമീപം മൂന്നാം വളവ്, മണ്ണാറക്കുളഞ്ഞി – ചാലക്കയം റോഡിലെ ഏറെ അപകട സാധ്യതയുള്ള വലിയ വളവ്, വിളക്ക് വഞ്ചി വളവ് എന്നിവിടങ്ങളിലെ ഡിവൈഡറുകള്‍ ഒരു വര്‍ഷത്തോളമായി തകര്‍ന്ന് കിടക്കുന്ന സ്ഥിതിയിലാണ്. റോഡിന്റെ വശങ്ങളില് വളർന്ന് നില്ക്കുന്ന മുളകളും കാടുകളും വെട്ടിമാറ്റാത്തതും അപകടത്തിന് ഇടയാക്കിയേക്കാം.
പുനലൂര്‍ – മൂവാറ്റുപുഴ റോഡിലെ മണ്ണാറക്കുളഞ്ഞി മൂന്നാം വളവ് പുറമേ നിരുപദ്രവമെന്ന് തോന്നുമെങ്കിലും അപകടം പതിവാണ്. ഇവിടെ സുരക്ഷാ വേലിയോ ക്രാഷ് ബാരിയറോ അപകട മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. അമിത വേഗത്തില്‍ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് വളവില്‍ പരസ്പരം കാണാന്‍ കഴിയില്ല. ഇടിക്കാതിരിക്കാന്‍ വെട്ടിച്ചാല്‍ താഴെയുള്ള അഗാധമായ കുഴിയിലേക്ക് പതിക്കും.
മൂന്നുമാസം മുമ്പ് ഇവിടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചിരുന്നു. തീര്‍ഥാടന കാലമായതോടെ വാഹനങ്ങള്‍ ഇവിടെ കൂട്ടിയിടിക്കാനുള്ള സാധ്യതയുമേറി. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്. മണ്ണാരക്കുളഞ്ഞി പാതയിൽ പിഎം റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചുനീക്കിയിട്ടുള്ള മരങ്ങൾ നീക്കം ചെയ്യാതെ റോഡരികിൽ തന്നെ കിടക്കുകയാണ്.
രാത്രിയില്‍ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. തീര്‍ഥാടനം മഞ്ഞു കാലമായതിനാല്‍ രാത്രി യാത്രകളില്‍ ഡ്രൈവര്‍മാര്‍ക്ക് റോഡ് കാണാന്‍ സഹായിക്കുന്ന സീബ്രാ ലൈനുകളും ഇത്തവണ ഇല്ല. മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തരം അപകടം ഒഴിവാക്കാന്‍ അവര്‍ക്കു കഴിയില്ല. സേഫോ സോൺ പദ്ധതിയിൽ വടശേരിക്കര മുതൽ പത്തനംതിട്ട വരെയുള്ള ഭാഗത്തെ മോട്ടോർ വാഹനവകുപ്പും അവഗണിച്ച മട്ടാണ്.