കണമല: ഏതു നിമിഷവും ദുരന്തം സംഭവിക്കാവുന്ന ഇടങ്ങളായി അട്ടിവളവും കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും. എരുമേലിയിൽനിന്ന് പന്പയിലേക്കുള്ള റോഡിലെ കൊടുംവളവുകളും അശാസ്ത്രീയ നിർമിതിയും അപകടസാധ്യത വർധിപ്പിക്കുന്നു.ശബരിമല സീസൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുന്പോഴാണ് സീബ്രാലൈനുകൾ വരയ്ക്കുന്നത്.
ഇവയാവട്ടെ വേണ്ടത്ര നിലവാരമില്ലാതെയും. രാവും പകലും പോലീസും ഗതാഗത വകുപ്പും എരുമേലിമുതൽ പന്പവരെ കൊടും വളവുകളിലും പാതയോരങ്ങളിലും ചിട്ടയായ നിർദേശങ്ങളുമായി നിലകൊള്ളുന്നതുകൊണ്ടാണ് യാത്ര ഇത്രയെങ്കിലും സുരക്ഷിതമാകുന്നത്.
കണമല – നിലയ്ക്കൽ വനപാതയിൽ കൊടും വളവുകൾ നിരവധിയാണ്. ഇതോടകം പത്തിലേറെ വലിയ അപകടങ്ങളിലായി അന്പതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അപകടക്കെണിയായ അട്ടിവളവ് നിവർക്കാനോ വീതി കൂട്ടാനോ ശാസ്ത്രീയമായി പുനർനിർമിക്കാനോ യാതൊരു നടപടിയുമായിട്ടില്ല.
കഴിഞ്ഞദിവസവും അയൽ സംസ്ഥാനത്തുനിന്നുള്ള തീർഥാടകരുടെ മിനി ബസ് അട്ടിവളവിൽ മറിഞ്ഞു. റോഡിന്റെ അശാസ്ത്രീയ നിർമിതിയാണ് തുടർച്ചയായ അപകടങ്ങൾക്കു കാരണമെന്ന് നാറ്റ്പാക്ക് ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കണമല കവലയിലേക്കുള്ള കുത്തിറക്കത്തിൽ വാഹനങ്ങൾക്കെടുക്കാവുന്ന പരമാവധി വേഗമോ ജാഗ്രതാ നിർദേശങ്ങളോ അപരിചിതരായ ഡ്രൈവർമാർക്ക് അറിയില്ല.
സുരക്ഷിതമായ വേഗത്തിലോ സുരക്ഷിത ഗിയറിലോ അല്ലാതെ ഇറങ്ങുന്ന വാഹനങ്ങൾ കൊടുംവളവിൽ നിയന്ത്രിക്കുക അസാധ്യമാണ്.
മുന്പ് എരുത്വാപ്പുഴ മുതൽ കണമല വരെ തീർഥാടക വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വ്യക്തമായ ജാഗ്രതാ നിർദേശങ്ങൾ നൽകിയാണ് കടത്തിവിട്ടിരുന്നത്.