ശബരിമല: ശബരിമലയില്‍ തിരക്കു വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കും. തിരക്കു കണക്കിലെടുത്ത് ശബരിമലയില്‍ പത്തു മുതല്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. മകരവിളക്കിനോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന്റെ എണ്ണവും കുറച്ചു.
അരവണയ്ക്കു നേരിട്ട ക്ഷാമവും ക്രമീകരണങ്ങളെ ബാധിച്ചിട്ടുണ്ട്. അരവണ ലഭിക്കാന്‍ കാലതാമസം ഉണ്ടായതോടെ ദര്‍ശനത്തിനുശേഷം മലയിറങ്ങാന്‍ ഭക്തര്‍ മടിക്കുകയാണ്.
പ്രധാന കൗണ്ടറിനു മുമ്പില്‍ രണ്ട് മണിക്കൂറിലധികം ക്യൂ നിന്നാണ് പലരും അരവണ വാങ്ങിയത്. പത്തിലധികം മണിക്കൂറുകള്‍ ക്യൂ നിന്ന് ശബരിമലയിലെത്തി ദര്‍ശനം നടത്തിയശേഷം വീണ്ടും പ്രസാദം വാങ്ങാനും ക്യൂ നില്ക്കേണ്ടിവരുന്നത് ഭക്തരെ ഏറെ വലയ്ക്കുന്നു. മടക്കയാത്രയ്ക്കായി ട്രെയിന്‍ ബുക്ക് ചെയ്തവര്‍ക്കു കൃത്യമായി മടങ്ങാനാകുന്നില്ല.
ഇതിനിടെ 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി അന്പതിനായിരവും മകരവിളക്ക് ദിനമായ 15 ന് വെര്‍ച്വല്‍ ക്യൂബുക്കിംഗ് പരിധി നാൽപ്പതിനായിരവുമായും പരിമിതപ്പെടുത്തി.
മകരവിളക്ക് ദിവസം ജ്യോതിദര്‍ശനത്തിനായി കൂടുതല്‍ ഭക്തർ തീര്‍ഥാടനപാതകളില്‍ തമ്പടിക്കുന്നതിനാലും ദര്‍ശന സമയത്തിലെ കുറവും കണക്കിലെടുത്ത് പോലീസ് നിര്‍ദേശ പ്രകാരമാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.
സാധാരണ ഗതിയില്‍ മകരവിളക്കിന് മൂന്നു നാള് മുമ്പുതന്നെ അയ്യപ്പഭക്തര്‍ ശബരിമലയിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയില്‍ വീണ്ടും കൂടുതല്‍ ഭക്തര്‍ മലകയറിയാല്‍ അതു ഭക്തരുടെ സുരക്ഷയെയും സുഗമമായ ദര്‍ശനത്തെയും ബാധിക്കും.
14നും 15നും ശബരിമലയില്‍ വലിയ തിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭ്യര്‍ഥിച്ചു.
16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്കു ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ടിക്കറ്റ് നിര്‍ബന്ധമാണെന്നും ദേവസ്വ ബോര്‍ഡ് വ്യക്തമാക്കി.