കൊച്ചി: ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന പത്ത് വയസുകാരിയുടെ ആവശ്യം തള്ളി ഹൈക്കോടതി. പത്ത് വയസ് പൂര്‍ത്തിയായെങ്കിലും ആദ്യ ആര്‍ത്തവം ഉണ്ടാകാത്തതിനാല്‍ പ്രായപരിധി പരിഗണിക്കാതെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം എന്നായിരുന്നു കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയുടെ ആവശ്യം.
വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.പത്ത് വയസിന് മുമ്പേ കോവിഡ് കാലത്ത് ശബമലയിലെത്താന്‍ ആഗ്രഹിച്ചതാണ്. എന്നാല്‍ പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ല.
ഇത്തവണ തന്നെ മലകയറാന്‍ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വത്തോട് കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു 10 വയസുകാരിയുടെ ആവശ്യം. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്. ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയുമെന്നും പത്ത് വയസെന്ന പ്രായപരിധി സാങ്കേതികമെന്നുമായിരുന്നു വാദം.
എന്നാല്‍ 10 മുതല്‍ 50 വയസ് വരെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം നിലപാടില്‍ ഇടപെടാന്‍ ആകില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.