കൊച്ചി: സ്ത്രീ പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങൾക്കെതിരേ കർശന നടപടിയുമായി പോലീസ്. അക്രമ സംഭവങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്ന 210 പേരുടെ ചിത്രങ്ങൾ പത്തനംതിട്ട ജില്ലാ പോലീസ് പുറത്തുവിട്ടു.
എല്ലാ ജില്ലകളിലെയും പോലീസ് മേധാവികൾക്കു ചിത്രങ്ങൾ കൈമാറി. മുഴുവൻ പ്രതികളെയും പിടികൂടാനാണ് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരിക്കുന്നത്. പ്രതികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് പോലീസ് അറിയിച്ചു.
സംഘം ചേർന്നുളള അക്രമം, നിരോധനാജ്ഞ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിൽ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സന്നിധാനത്ത് സ്ത്രീകളെ തടഞ്ഞവർക്കെതിരെയും കേസെടുക്കുന്നുണ്ട്. ഇതിനായി പത്തനംതിട്ട പോലീസ് ശബരിമലയിൽ ക്യാന്പ് ചെയ്ത് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.