തിരുവനന്തപുരം: ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള പോലീസ് റെയ്ഡും അറസ്റ്റും ഇന്നലെയും തുടർന്നു. ഇന്നലെ സ്ത്രീകൾ അടക്കം 2061 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 452 കേസുകളിലായാണ് അറസ്റ്റ്. ഇതിൽ 1500 പേരെ ജാമ്യത്തിൽ വിട്ടയച്ചു. മറ്റുള്ളവരെ റിമാൻഡ് ചെയ്തു.
അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചെങ്കിലും പോലീസ് നടപടിക്കെതിരേ ഹൈക്കോടതി നിരീക്ഷണമുണ്ടായതോടെ പോലീസ് ഉദ്യോഗസ്ഥർ നിലപാടു മയപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണമാണു പോലീസ് വ്യാപക റെയ്ഡും അറസ്റ്റും നടത്തിയത്.
കഴിഞ്ഞ ദിവസം 1410 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയും പുലർച്ചെയുമായി നടത്തിയ റെയ്ഡിൽ 651 പേർ അറസ്റ്റിലായി. നിരീക്ഷണ കാമറകളിലും മറ്റും ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് ഉന്നതർ പറയുന്നു. ഇവരെ അറസ്റ്റ് ചെയ്യാനായി പോലീസ് തെരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ സ്ത്രീകൾ അടക്കമുള്ളവരുടെ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
മണ്ഡലകാലത്ത് യുവതികളെത്തിയാൽ പോലീസ് സുരക്ഷ ഒരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മണ്ഡല- മകരവിളക്കു കാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും ഡിജിപി പറഞ്ഞു.
കെഎസ്ആർടിസി ബസുകൾ തകർത്തതടക്കം ഇതുവരെ 452 കേസുകൾ എടുത്തിട്ടുണ്ട്. ബസുകളും പോലീസ് വാഹനങ്ങളും തകർത്ത കേസിൽ പിടിയിലായവർക്കു ജാമ്യം ലഭിക്കാൻ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കേണ്ടി വരും. 10,000 രൂപ മുതലുള്ള തുകയാണു കെട്ടിവയ്ക്കേണ്ടത്.
കോടതിവിധികൾ അട്ടിമറിച്ചു രാത്രിയിലടക്കം വീടുകളിൽ കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നു വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി.
അക്രമം നടത്താതെ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവരുടെ വീടുകളിൽ പോലും രാത്രി സമയത്തു പോലീസ് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചാണ് ഇവർ നിയമ നടപടിക്ക് ഒരുങ്ങുന്നത്. പോലീസിന്റെ കൂട്ട അറസ്റ്റിനെ എതിർത്ത് എൻഎസ്എസും രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുന്ന പോലീസ് നടപടിയാണു സംസ്ഥാനത്ത് അരങ്ങേറുന്നതെന്നു ജനറൽ സെക്രട്ടറി പത്രക്കുറിപ്പിൽ പറഞ്ഞു.
ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാമേഖല
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് വിജ്ഞാപനമായി. നവംബര്‍ 15 മുതല്‍ ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന് റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖല.