പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനം പടിവാതിൽക്കലെത്തി നിൽക്കേ ഇന്ന് ഉന്നതതല അവലോകനയോഗങ്ങൾ. മുഖ്യമന്ത്രിയും ശബരിമല ഉന്നതാധികാര സമിതിയും ഇന്ന് തീർഥാടന മുന്നൊരുക്കങ്ങളെ സംബന്ധിച്ച അവലോകനയോഗങ്ങൾ തിരുവനന്തപുരത്ത് നടത്തുന്നുണ്ട്.മുൻകാലങ്ങളിൽ തീർഥാടനകാല മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന പതിവാണുണ്ടായിരുന്നത്.
എന്നാൽ ഇത്തവണ പ്രളയവും ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും കാരണം അവലോകനയോഗങ്ങൾ ആരും വിളിച്ചില്ല. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല സമിതി ഇടയ്ക്ക് ഒന്നോ രണ്ടോ തവണ യോഗം ചേർന്നതൊഴിച്ചാൽ മണ്ഡലകാല മുന്നൊരുക്കങ്ങളെ സംബന്ധിച്ച് എല്ലാ വകുപ്പുകളുടെയും ഒരു കോ ഓർഡിനേഷൻ ഇക്കുറി ഉണ്ടായിട്ടില്ല.
മുൻകൈയെടുക്കേണ്ട ദേവസ്വം ബോർഡും മറ്റു വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന ആക്ഷേപം നിലനിൽക്കുന്നു. പ്രളയത്തേ തുടർന്ന് ടാറ്റാ പ്രോജക്ടിനു പന്പയിലെ പുനരുദ്ധാരണവും നിലയ്ക്കൽ ബേസ് ക്യാന്പ ്നിർമാണവും സർക്കാർ നേരിട്ടു കൈമാറിയതോടെ ദേവസ്വം ബോർഡ് പല ജോലികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ അവസാനഘട്ടത്തിൽ പന്പയിലെ പല ജോലികളും ദേവസ്വം ബോർഡ് ചെയ്യേണ്ടിവന്നു.
മുൻകാലങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ മൂന്നുതവണയെങ്കിലും യോഗം വിളിക്കുമായിരുന്നു. തീർഥാടനം ആരംഭിക്കുന്നതിനു മുന്പായി പന്പയിലോ സന്നിധാനത്തോ മുഖ്യമന്ത്രി എത്തി യോഗം വിളിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞവർഷം മുഖ്യമന്ത്രി പിണറായി വിജയൻ സന്നിധാനത്തെത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ കാലഘട്ടം മുതൽ തുടങ്ങിയ രീതിയായിരുന്നു ഇത്.
പിന്നീട് ഉമ്മൻ ചാണ്ടിയും വി.എസ്. അച്യുതാനന്ദനും പതിവ് തെറ്റിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളുടെയും മന്ത്രിമാർ അടക്കമാണ് മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തുവന്നിരുന്നത്. 18 ഓളം വകുപ്പുകൾക്ക് ശബരിമല തീർഥാടനവുമായി നേരിട്ട് ബന്ധമുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ജില്ലാ കളക്ടറെ കൂടാതെ ഉയർന്നറവന്യു ഉദ്യോഗസ്ഥനെയും നിയമിച്ചിരുന്നു.
ഇത്തവണ പ്രളയത്തേ തുടർന്ന് പുനരുദ്ധാരണ ജോലികൾ ഏകോപിപ്പിക്കാൻ കമലവർധനറാവുവിനെ നിയോഗിച്ചെങ്കിലും അദ്ദേഹം തീർഥാടനകാല മുന്നൊരുക്കങ്ങളിൽ അദ്ദേഹം ഇടപെട്ടില്ല. മൂന്നാർ സബ്കളക്ടറായിരുന്ന പ്രേംകുമാറിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ പദവിയോടെ കഴിഞ്ഞയാഴ്ചയാണ് നിയമിച്ചത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല അദ്ദേഹത്തിനാണ്.
മുഖ്യമന്ത്രി യോഗം വിളിക്കുന്നതിനു മുന്പായി പൊതുമരാമത്ത്, ആരോഗ്യം, ജലവിഭവം, വനം, ഗതാഗതം, ഭക്ഷ്യ സിവിൽ സപ്ലൈസ്, ദേവസ്വം മന്ത്രിമാർ തങ്ങളുടെ വകുപ്പുകളുമായി ബന്ധപ്പെട്ടു യോഗങ്ങൾ വിളിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ ദേവസ്വം മന്ത്രി തുലാമാസ പൂജയ്ക്ക് നട തുറന്ന ദിവസം സന്നിധാനത്തെത്തി യോഗം വിളിച്ചതും വിവാദത്തിലായിരുന്നു. ഇതിൽ പലർക്കും പങ്കെടുക്കാനായില്ല.
യുവതികളടക്കമുള്ള പഞ്ചായത്ത് പ്രസിഡന്റുമാരെയും വകുപ്പുതല ഉദ്യോഗസ്ഥരെയും യോഗത്തിലേക്കു വിളിച്ചത് വിവാദമായിരുന്നു. പന്തളം, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ദേവസ്വം മന്ത്രി യോഗം വിളിച്ചു. ജില്ലയുടെ ചുമതലയുള്ള ജലവിഭവമന്ത്രി പന്പയിലേക്കു സമീപകാലത്തെങ്ങും പോയില്ല.
ജലവിതരണവുമായി ബന്ധപ്പെട്ട് നിരവധി പോരായ്മകളാണ് പന്പയിലും നിലയ്ക്കലിലും ഉയരുന്നത്. ആരോഗ്യവകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി പ്രസ്താവന നടത്തിയെങ്കിലും പ്രളയത്തിൽ മുങ്ങിയ പന്പയിലെ ആശുപത്രിയിലെ അടക്കമുള്ള ക്രമീകരണങ്ങൾ പാതിവഴിയിലാണ്. നിലയ്ക്കലിൽ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾ വിപുലപ്പെടുത്തേണ്ടതുമുണ്ട്.