തൃശൂർ: ഭരണഘടനയെ ലംഘിക്കാനോ വെല്ലുവിളിക്കാനോ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ആവില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. പ്രളയത്തിൽ വീടു തകർന്നും മറ്റു നാശങ്ങളുണ്ടായും കഷ്ടപ്പെടുന്ന വിദ്യാർഥികളെ സഹായിക്കാൻ കേരളവർമ കോളജ് സംഘടിപ്പിച്ച ചിത്രത്തോണിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചുള്ളിക്കാട്.
മനുഷ്യരെ ഒരുമിച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഭരണഘടന. പ്രളയത്തിൽ രക്ഷപ്രവർത്തനം നടത്തിയ ചെറുപ്പക്കാർ ജാതി മത ലിംഗ വർഗ ഭേദം നോക്കാതെ മഹത്തായ ദൗത്യമാണ് നിർവഹിച്ചത്. ജാതി മത ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവർ അതോർക്കണം. ചുള്ളിക്കാട് പറഞ്ഞു.
പ്രിൻസിപ്പൽ ഡോ.കെ. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. ചിത്രകാരി എൻ.ബി. ലതാദേവി, മൈൻഡ് സ്കേപ് പ്രസിഡന്റ് ഡോ.എൻ.ആർ. ഗ്രാമ പ്രകാശ്, ദീപ നിശാന്ത്, ഡോ. പി.കെ. രാജേന്ദ്രൻ, പൂർവവിദ്യാർഥി നേതാക്കളായ കെ.ആർ. ബീന, പുഷ്പാംഗദൻ, യൂണിയൻ സെക്രട്ടറി സൗരവ് രാജ് എന്നിവർ സംസാരിച്ചു.
ചിത്രകലാ കൂട്ടായ്മയായ ’മൈൻഡ് സ്കേപ്പ്’, പൂർവ വിദ്യാർത്ഥി സംഘടന ’പൾസ് 80’, ഗുരുവായൂർ മ്യൂറൽ കോളജ് എന്നിവരുടെ സഹായത്തോടെ നടത്തിയ ചിത്രകലാ ക്യാന്പിലെ ചിത്രങ്ങൾ വിറ്റ് രണ്ടര ലക്ഷത്തോളം വരുമാനമുണ്ടായി. ഇത് കുട്ടികളെ സഹായിക്കാൻ വിനിയോഗിക്കും. 160 കുട്ടികളെയാണ് സഹായിക്കേണ്ടത്. ഇക്കാര്യത്തിൽ സഹകരിക്കാൻ താല്പര്യമുള്ളവർക്ക് പ്രിൻസിപ്പൽ ഡോ.കെ. കൃഷ്ണകുമാരിയെ ബന്ധപ്പെടാം.