പി.ടി.പ്രദീഷ്
കണ്ണൂർ: ശബരിമല വിഷയത്തിൽ രാഹുൽഗാന്ധിയുടെ പ്രസ്താവനയോടെ ആശയക്കുഴപ്പത്തിലായ കേരളത്തിലെ കോൺഗ്രസിൽ നിന്നും കൂടുതൽ പേരെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബിജെപി ശ്രമം. നവംബർ എട്ടിനു കാസർഗോഡ് നിന്നും എൻഡിഎ നയിക്കുന്ന രഥയാത്ര ആരംഭിക്കാനിരിക്കെയാണു ബിജെപി നേതൃത്വം കോൺഗ്രസിൽ നിന്നും മറ്റുപാർട്ടികളിൽ നിന്നും ആളുകളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ നീക്കമാരംഭിച്ചത്.
ശബരിമല വിഷയത്തിൽ കോൺഗ്രസ് സമരം ആത്മാർഥമായിട്ടാണെങ്കിൽ കെ.സുധാകരനു ബിജെപിയിൽ ചേർന്നു സമരം ചെയ്യുന്നതാണ് ഉചിതമെന്നു ബിജെപി നേതാവ് നളീൻകുമാർ കട്ടീൽ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കാസർഗോഡ് ബിജെപി നേതൃയോഗത്തിലാണു കെ.സുധാകരനെ പരസ്യമായി നളീൻകുമാർ കട്ടീൽ ബിജെപിയിലേക്കു ക്ഷണിച്ചത്.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരായി പ്രവർത്തിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വാട്ടർലൂ ആകുമെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അദ്ദേഹത്തിനു ബിജെപിയിലേക്കു ക്ഷണം വന്നിരിക്കുന്നത്. എന്നാൽ നേരത്തേ തന്നെ ബിജെപിയിലേക്കില്ലെന്നും കോൺഗ്രസിൽ നിന്നുതന്നെ ശക്തമായി പോരാടുമെന്നും കെ.സുധാകരൻ അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ കേരളത്തിലെത്തിയപ്പോൾ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായ ജി.രാമൻ നായർ ഉൾപ്പെടെ അഞ്ചുപേർ മാത്രമാണു ബിജെപിയിലെത്തിയത്.
കോൺഗ്രസിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ജനറല് സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും കഴിഞ്ഞ ദിവസം കൊച്ചിയിൽ വ്യക്തമാക്കിയിരുന്നു.
ബിജെപിയുടെ രഥയാത്ര ആരംഭിക്കുന്നതോടെ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും കൂടുതൽ പേരെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമത്തിലാണു ബിജെപി നേതൃത്വം. ശബരിമല വിഷയത്തിൽ രാഹുൽഗാന്ധിയുടെ പ്രസ്താവനയോടെ കേരളത്തിലെ കോൺഗ്രസ് ത്രിശങ്കുവിലായിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസിലുണ്ടായ ആശയക്കുഴപ്പം പരമാവധി മുതലെടുക്കാനാണു സിപിഎമ്മും ശ്രമിക്കുന്നത്. ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ടുകൾ ഭിന്നിപ്പിച്ചു നേട്ടം കൈവരിക്കാനാണു സിപിഎം നീക്കം.