പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ചുള്ള ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും ജില്ലാ പോലീസ് കത്തു നൽകി.
14, 15 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗ് പരിമിതപ്പെടുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.14ന് 40,000 ആയും, 15ന് 20,000 ആയും ബുക്കിംഗ് പരിമിതപ്പെടുത്തണമെന്നാണാവശ്യം.
കൂടാതെ, പമ്പയിൽ ഇപ്പോൾ നടത്തിവരുന്ന സ്പോട്ട് ബുക്കിംഗ് പൂർണമായും നിർത്തിവച്ച് നിലയ്ക്കലിൽ ക്രമീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഇക്കൊല്ലം മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് നിയന്ത്രണാതീതമായി വർധിച്ചതിനാൽ, മകരവിളക്ക് ഉത്സവത്തോടുബന്ധിച്ച് ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ജില്ലാ പോലീസിന്റെ നീക്കം.
മകരവിളക്ക് ദിവസം ശബരിമലയിലെ തിരക്കിനൊപ്പം അനുബന്ധപാതകളിലും ഭക്തർ ജ്യോതിദർശനത്തിനായി കാത്തിരിക്കുമെന്നതിനാലാണ് സന്നിധാനത്ത് കൂടുതൽ നിയന്ത്രണം പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണ നിലയിൽ 80,000 പേർക്കാണ് വെർച്വൽ ക്യൂവിലൂടെ ദർശനം ലഭിക്കുന്നത്. മകരവിളക്കു ദിവസം ദർശനത്തിനുള്ള സമയത്തിലും കുറവുണ്ടാകും.