ആര്യങ്കാവ് : ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശി ധനപാലൻ (56) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സേലം സ്വദേശികളായ കാളിയപ്പൻ (44) ദിലീപ് കുമാർ (13) സെന്തിൽ (17) അണ്ണാദുരൈ (60) കുമാർ (34) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാധാകൃഷ്ണൻ (50) ഷണ്മുഖൻ (32) പ്യാരി ശെൽവം (60) യോഗേശ്വരൻ (61) ആനന്ദരാജ് (23) ഭൂപതി (32) മുരളീധരൻ (40) ഗൗരി (12) ശങ്കരി (74 ) ബോധേശ്വരൻ (32) എന്നിവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.തമിഴ്നാട്ടിൽനിന്നു ചരക്കുമായി കേരളത്തിലേക്ക് വന്ന ലോറിയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസിൽ ഇടിച്ചത്.
വാഹനം 30 അടി താഴ്ചയിലേക്ക് മറിയുകയും വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും പരിക്കേൽക്കുകയുമായിരുന്നു.ആര്യങ്കാവ് പഴയ സെയില്‍സ് ടാക്സ് ഓഫീസിന് സമീപം ഇന്നു പുലര്‍ച്ചെ നാലേകാലോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ് യാത്രികനായ ധനപാലന് റോഡിലേക്ക് തെറിച്ചു വീണു.
ഗുരുതരമായി പരിക്കേറ്റ ധനപാലിനെ പുനലൂര്‍ താലൂക്ക് ആശുപതിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.പതിനാറുപേര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ലോറി ഡ്രൈവറുടെ അശ്രദ്ധയോ ഉറങ്ങിയതോ ആണ് അപകട കരണമെന്നാണ് പ്രാഥമിക നിഗമനം.
ലോറി പാഞ്ഞുവരുന്നത് കണ്ട് വശത്തായി നിര്‍ത്തിയ ബസില്‍ ഇടിച്ചു കയറുകയായിരുന്നു എന്നു പരിക്കേറ്റ ബസ് യാത്രികര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്നു മിനി ബസ് നാല്പ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ചരക്ക് ലോറി അമിത വേഗതയിൽ ആയിരുന്നുവെന്ന് മിനി ബസിന്റെ ഡ്രൈവർ പറഞ്ഞു. കിഴക്കൻ മേഖല കേന്ദ്രീകരിച്ച് ആംബുലൻസിന്റെയോ ഫയർഫോഴ്സിനന്റെയോ സംവിധാനങ്ങൾ ഇല്ലാത്തത് രോഗികളെ സമയബന്ധിതമായി ആശുപത്രിയിൽ എത്തിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. തെന്മല പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.