ഗുരുവായൂർ : ഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു. തമിഴ്നാട് സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് പുലർച്ചെ അഞ്ചുമണിയോടെ തീ പിടിച്ചത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ ആർക്കും പരിക്കില്ല.റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു.
ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി. അതിന് മുന്പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസിൽ ഉണ്ടായിരുന്നു. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി.
സ്വന്തം ലേഖകൻ