പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ തീപിടുത്തം. ബസ് പൂർണമായും കത്തി നശിച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
പുലർച്ചെ അഞ്ചേകാലോടെ അട്ടത്തോട് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. തീർഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടുത്തം ഉണ്ടായത്. ബസിന്റെ മുൻഭാഗത്ത് നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും വരുന്നുണ്ടായിരുന്നു. പ്രദേശത്ത് മൊബൈൽ റേഞ്ച് ഇല്ലാതിരുന്നതിനാൽ ഫയർ ഫോഴ്സിനെ വിളിക്കാൻ ബുദ്ധിമുട്ടിയെന്ന് ജീവനക്കാർ പറഞ്ഞു. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.