പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ തീര്ഥാടനകാലമൊരുക്കി പോലീസ് വിഭാഗം. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സിസിടിവി നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടെ 360 ഡിഗ്രി ആംഗിളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഹണിവെല്ലിന്റെ 136 കാമറകളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.
പമ്പ, സന്നിധാനം, എന്നിവിടങ്ങളിലുള്ള പോലീസ് കണ്ട്രോള് റൂമിലാണ് ഇതിന്റെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക. കുറ്റവാളികള്‍, പോലീസിന്റെ നിരീക്ഷണ പട്ടികയിലുള്ളവര്‍, ഇങ്ങനെയുള്ള മുഴുവന്‍ ആളുകളുടെയും ലിസ്റ്റ് ഇതില്‍ ഫീഡ് ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ആളുകള്‍ ഈ പ്രദേശങ്ങളിലെത്തിയാല്‍ ഉടന്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരമെത്തും.
മാത്രമല്ല കൃത്യമായി മുഴുവന്‍ സ്ഥലങ്ങളും നിരീക്ഷിക്കാനും മോഷണം, കുട്ടികളെ കാണാതാകല്‍ എന്നിങ്ങനെയുള്ളവ തടയുന്നതിനും, വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും.
പമ്പ, സന്നിധാനം പോലീസ് കണ്ട്രോള് റൂമുകള്‍ക്ക് പുറമേ ജില്ലാ കളക്ടര്‍, ജില്ലാ പോലിസ് മേധാവി, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഈ ദൃശ്യങ്ങള്‍ ലൈവായി കാണാനാകുക. ഇവിടെ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.
18 ടിബി സെര്‍വറില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന ദൃശ്യങ്ങള്‍ വര്‍ഷങ്ങളോളം സംരക്ഷിക്കുകയും ചെയ്യും. മൂന്ന് വര്‍ഷമായി ഈ സംവിധാനം നിലവില്‍ വന്നിരുന്നെങ്കിലും ഈ വര്‍ഷം വിപുലീകരിക്കുകയായിരുന്നു. സംസ്ഥാന പോലീസ് വിഭാഗം, കെല്‍ട്രോണ്‍, കെസ്വാന്, ബിഎസ്എന്‍എല്‍, അമേരിക്കന്‍ കമ്പനിയായ ഹണിവെല്‍ ടീം എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന;35,000 രൂപ പിഴ ഈടാക്കി
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പ്രത്യേക സ്ക്വാഡുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകളില്‍ നിന്നും 35,000 രൂപ പിഴ ഈടാക്കി.
ജില്ലാ കളക്ടര്‍ നിജപ്പെടുത്തിയ അളവില്‍കുറച്ച് ഭക്ഷണ സാധനങ്ങള്‍ വില്പന നടത്തിയതിനും പാക്കറ്റുകളില്‍ നിയമാനുസൃതമായി ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്താതിരുന്നതിനുമാണ് പിഴ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.
കടകള്‍ക്ക് ലൈസന്‍സ്, തൊഴില്‍ കാര്‍ഡ്, സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവ ഹാജരാക്കാതിരുന്ന എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലാത്തതിന് 3000 രൂപയും പിഴ ഈടാക്കി. നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയതിന് അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കി.
റെയില്‍വേയിലും ബോധവത്കരണം
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനുവേണ്ടി റെയില്‍ മാര്‍ഗം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കായി കന്നട, തെലുങ്ക്, തമിഴ് ഭാഷകളില്‍ റെയില്‍വേ അനൗണ്‍സ്മെന്റിനു മുന്‍പായി ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന് പറഞ്ഞു.
ഹരിതസേന
ശബരിമല: പമ്പാ നദിയിലേക്ക് വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിനായി പമ്പാ സ്നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്സ് എന്ന പേരില്‍ പ്രവര്‍ത്തകരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ഇത്തവണ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള അംഗങ്ങളാണ് ഗ്രീന്‍ ഗാര്‍ഡ്സായി പ്രവര്‍ത്തിക്കുന്നത്.
ജലനിരപ്പുയരും; കുളിക്കടവുകളിൽ ജാഗ്രതാനിർദേശം
പത്തനംതിട്ട: കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതോത്പാദനത്തിന് അനുസൃതമായി പമ്പ, കക്കാട്ടാര്‍ നദികളിലെ ജലനിരപ്പില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ നദികളിലെ കുളിക്കടവുകള്‍ ഉപയോഗിക്കുന്ന പ്രദേശവാസികളും അയ്യപ്പഭക്തരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മിഷന് ഗ്രീന്‍ ശബരിമലയുമായി ശുചിത്വമിഷൻ
പത്തനംതിട്ട: ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മിഷന് ഗ്രീന്‍ ശബരിമല പദ്ധതിക്കായി വിവിധ പദ്ധതികളൊരുക്കി ശുചിത്വമിഷന്. മുന്‍ വര്‍ഷങ്ങളിലും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മിഷന് ഗ്രീന്‍ ശബരിമല പദ്ധതിയുടെ വിവിധ പരിപാടികള്‍ നടത്തിയിരുന്നു.
ഈ തീര്‍ഥാടന കാലയളവിലും ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും പമ്പാ നദിയെ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദേവസ്വം ബോര്‍ഡ്, വനംവകുപ്പ്, കുടുംബശ്രീ മിഷന്, പോലീസ് എന്നീ വകുപ്പുകള്‍ മിഷന് ഗ്രീന്‍ ശബരിമല പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
തുണിസഞ്ചി വിതരണം
ശബരിമല: ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി അയ്യപ്പ ഭക്തര്‍ക്ക് പ്ലാസ്റ്റിക് കാരിബാഗിനു പകരമായി ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങിയ അര ലക്ഷത്തോളം തുണിസഞ്ചികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനായി നിലയ്ക്കല്‍ ബേസ് ക്യാമ്പിലും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും തുണിസഞ്ചി വിതരണ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നു.