സ്വന്തം ലേഖകന്‍
കോഴിക്കോട്: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെയുള്ള വ്യാപക സംഘര്‍ഷത്തിലെ പ്രതികളെ പിടികൂടിയ “ബ്രോക്കണ്‍ വിന്‍ഡോ’ തകര്‍ക്കാതെ ആഭ്യന്തരവകുപ്പ്. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ മാത്രമാണ് ഇപ്പോള്‍ മന്ത്രിസഭാ തീരുമാനപ്രകാരം പിന്‍വലിക്കുന്നത്.
അതേസമയം പോലീസിനെ ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമായ കേസുകള്‍ പിന്‍വലിക്കുന്നില്ല. ഇതോടെ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ 2019 ജനുവരിയില്‍ ഡിജിപി ആരംഭിച്ച ഓപ്പറേഷനിലൂടെ കണ്ടെത്തിയ കേസുകളെല്ലാം നിലനിര്‍ത്തുമെന്നുറപ്പായി.
ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിന് തൊട്ടുപിന്നാലെ സംസ്ഥാന വ്യാപകമായുണ്ടായ അക്രമത്തില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 550 കേസുകളിലായി 745 പേരെയായിരുന്നു അറസ്റ്റ് ചെയ്തത്.
കൂടുതല്‍ പ്രതികള്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ വിവിധ ഇടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ ചിത്രം അടങ്ങിയ ആല്‍ബം തയാറാക്കാനായിരുന്നു ജില്ലാ പോലീസ് മേധാവിമാര്‍ക്കും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും നല്കിയ നിര്‍ദേശം.
ഇതുപ്രകാരം എല്ലാ ജില്ലകളിലും ആല്‍ബം തയാറാക്കിയിരുന്നു. ഇത് ഇപ്പോഴും ഭദ്രമമായി സൂക്ഷിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെയാണ് പോലീസ് പിന്നീട് പിടികൂടിയത്.
“ബ്രോക്കണ്‍ വിന്‍ഡോ’ ഓപ്പറേഷന്റെ ഭാഗമായി അക്രമം നടത്തിയവരെ കണ്ടെത്താനായി ഓരോ പോലീസ് സ്റ്റേഷനിലും നാലു പോലീസുകാരടങ്ങുന്ന പ്രത്യേക സംഘത്തെയായിരുന്നു നിയോഗിച്ചത്.
ഇതോടെ മുഖം മൂടി ധരിച്ച് അക്രമത്തിനിറങ്ങിയവര് വരെ പിടിയിലായിരുന്നു. ഈ കേസുകളെല്ലാം വിചാരണാ ഘട്ടത്തിലാണുള്ളത്.