ന്യൂഡൽഹി: ശബരിമല വിശാല ബെഞ്ചിൽ എല്ലാ കക്ഷികൾക്കും വാദിക്കാനായി 22 ദിവസം ആവശ്യപ്പെടാൻ തീരുമാനം. കേസിലെ രണ്ട് വിഭാഗങ്ങൾക്ക് പത്ത് ദിവസം വീതവും ഓരോ ദിവസം വീതം മറുപടി വാദത്തിനുമായി നീക്കിവെക്കും. സുപ്രീംകോടതി സെക്രട്ടറി ജനറൽ വിളിച്ചുചേര്‍ത്ത അഭിഭാഷകരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. യോഗത്തിന്റെ ശിപാര്‍ശകൾ ഫെബ്രുവരി മൂന്നിന് വിശാല ബെഞ്ച് പരിശോധിക്കും. ശിപാര്‍ശ അംഗീകരിക്കുകയാണെങ്കിൽ ഫെബ്രുവരി രണ്ടാംവാരം മുതൽ കേസിൽ അന്തിമവാദം തുടങ്ങും.
ശബരിമല യുവതീപ്രവേശത്തിൽ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനുമാണ് സുപ്രീംകോടതി സെക്രട്ടറി ജനറൽ അഭിഭാഷകരുടെ യോഗം ഇന്ന് വിളിച്ചുചേര്‍ത്തത്. ഇതനുസരിച്ച് വിഷയങ്ങൾ ക്രോഡീകരിച്ച് കോടതിക്ക് നൽകാൻ അഭിഭാഷകൻ വി.ഗിരിയെ യോഗം ചുമതലപ്പെടുത്തി.