സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണ ആയുധമാക്കാന്‍ വീണ്ടും ബിജെപി ഒരുങ്ങുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുന്നതിനൊപ്പം പൗരത്വ നിയമ ഭേദഗതി സമരത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചു വിട്ടവര്‍ക്കെതിരായ കേസുകള്‍ പിന്വലിക്കുന്നതിനെതിരേയാണ് ബിജെപി രംഗത്തിറങ്ങുന്നത്. രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തിയ സമരമാണ് പൗരത്വ സമരമെന്നാണ് ബിജെപി പറയുന്നത്.
ഈ സമരത്തെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെടുത്തുന്നതിന് പിന്നിലെ ലക്ഷ്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടാനാണ് ബിജെപിയുടെ തീരുമാനം. രാജ്യവിരുദ്ധമായ പ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെട്ടവരെ വെറുതേവിടുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ന്യൂനപക്ഷ പ്രീണനമാണിതെന്ന പ്രചാരണവുമായാണ് ബിജെപി ഇറങ്ങുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തകരുള്‍പ്പെടെ 300 ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തത്.
അയ്യപ്പ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാമജപ യജ്ഞങ്ങള്‍ നടത്താതിരിക്കാന്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനെതിരേയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതേവകുപ്പുകള്‍ ചുമത്തിയാണ് പൗരത്വകേസുകളും രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ കേസുകള്‍ പിന്‍വലിക്കാനാവും.
ഇക്കാര്യങ്ങള്‍ വീടുകള്‍ കയറി വോട്ടര്‍മാരെ ധരിപ്പിക്കാനാണ് ബിജെപി നീക്കം. വിശ്വാസികള്‍ കൂടുതലുള്ള മേഖലകളിലും യുവാക്കള്‍ക്കിടയിലും ഇക്കാര്യം മുഖ്യപ്രചാരണ ആയുധമാക്കും. സമൂഹമാധ്യമങ്ങള്‍ വഴിയും ശബരിമല വിഷയവും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും അക്കമിട്ട് നിരത്താനാണ് പദ്ധതി.
ശബരിമല വിഷയം നേരത്തെ തന്നെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചാരണ ആയുധമാക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഇപ്പോള്‍ പൗരത്വ കേസുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഇതിന് ശക്തി പകരുമെന്നാണ് ബിജെപി കരുതുന്നത്.
ശബരിമല ഭക്തരെ പുറകില്‍നിന്ന് കുത്തിയവരാണ് എല്‍ഡിഎഫെന്നും കോണ്‍ഗ്രസാകട്ടെ മൗനം പാലിച്ചവരാണെന്നും ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ പ്രസംഗത്തോടെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല വീണ്ടും ബിജെപി പ്രചാരണ വിഷയമാക്കുമെന്നതിന്റെ സൂചനയായിരുന്നു ജെ.പി.നഡ്ഡയുടെ പ്രസ്താവന.