ന്യൂഡൽഹി: ശബരില യുവതീപ്രവേശനവമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. ഒന്‍പതംഗ വിശാല ബെഞ്ചാണ് വാദം കേൾക്കുന്നത്. അതേസമയം യുവതി പ്രവേശന വിധിക്കെതിരെ നൽകിയിട്ടുള്ള പുനഃപരിശോധനാ ഹർജികൾ ഇപ്പോൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് വ്യക്തമാക്കി. കോടതയിൽ വാദം തുടരുകയാണ്.
പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജികളിൽ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങൾ ഒന്‍പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു. ഈ വിഷയങ്ങളിലെ വാദമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹർജി നൽകാൻ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു.
ഹിന്ദു എന്നതിന്റെ നിർവചനം, ഭരണഘടനാ ധാർമികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാനാകുമോ ഉൾപ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുക എന്നതാണ് ഒന്‍പതംഗ ബെഞ്ചിന്റെ ലക്ഷ്യം. ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളും പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ് ചേലാകർമം, പാർസി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നത് ഒന്‍പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും.