കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ ജനുവരിയിൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലിലെ അതിക്രമങ്ങളിൽ ഇരകളായവർക്കു നഷ്ടപരിഹാരം നൽകുന്നതിന് ക്ലെയിം കമ്മീഷണറെ നിയമിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി.
ക്ലെയിം കമ്മീഷണറായി സിറ്റിംഗ് ജഡ്ജിയെ നിയോഗിക്കണോ റിട്ടേർഡ് ജഡ്ജിയെ പരിഗണിക്കണോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിച്ച് അറിയിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
ഹർത്താലിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ ഇരകളായവർക്ക് ബിജെപി, ശബരിമല കർമസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനാ നേതാക്കളിൽനിന്നു നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയിട്ടുള്ളത്.