പത്തനംതിട്ട: ശബരിമല മണ്ഡല-മകര വിളക്കു കാലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ശുചീകരണ തൊഴിലാളികള്‍ വെറും കൈയോടെ നാട്ടിലേക്ക് മടങ്ങി. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴില്‍ മൂന്നു മാസമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ശുചിയായി സൂക്ഷിച്ച തമിഴ്നാട്ടുകാരായ 150 തൊഴിലാളികളാണ് ചെയ്ത ജോലിക്ക് കൂലി കിട്ടാതെ കഴിഞ്ഞ 22 ന് നാട്ടിലേക്ക് മടങ്ങിയത്.
സാനിറ്റേഷന്‍ സൊസൈറ്റി സെക്രട്ടറിയായ അടൂര്‍ ആര്‍ഡിഒ പി.ടി. ഏബ്രഹാം തൊഴിലാളികളുടെ ശമ്പളത്തിനുള്ള 1.70 കോടിയുടെ ചെക്ക് തയാറാക്കി ഒപ്പിട്ട് കളക്ടര്‍ക്ക് തീര്‍ഥാടന കാലം അവസാനിക്കുന്നതിന് മുന്‍പു തന്നെ കൈമാറിയിരുന്നു. അരലക്ഷത്തിന് മുകളിലുള്ള ചെക്കില്‍ ചെയര്മാന് കൂടിയായ കളക്ടര്‍ കൂടി ഒപ്പിടണമെന്നുണ്ട്.
ജില്ലാ പട്ടയമേള നടന്നതിനു പിന്നാലെ കളക്ടർ രണ്ടാഴ്ചത്തെ അവധിയിലുമായി. ഇതിനിടെ ചെക്കിൽ ഒപ്പിടുന്ന കാര്യം മറന്നതായി പറയുന്നു. 20 നാണ് ശബരിമല നട അടച്ചത്. രണ്ടു ദിവസം കൂടി നിന്ന് ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കി 22 ന് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. സാധാരണ ഇവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ തന്നെ കവറിലിട്ട് ഓരോരുത്തര്‍ക്കുമുള്ള ശമ്പളം നല്‍കും.
നന്ദി പറഞ്ഞാണ് ഇവരെ യാത്രയാക്കുന്നതും. ഇക്കുറി അതിന് മാറ്റം വന്നു. കളക്ടര്‍ അവധിയിലാണെങ്കിലും ചുമതലയുള്ള എഡിഎമ്മിന് വേണമെങ്കില്‍ ചെക്ക് പാസാക്കി നല്‍കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാനിറ്റേഷൻ സൊസൈറ്റിയുടെ പ്രത്യേക ഫണ്ടിൽ നിന്നാണ് പണം നൽകുന്നത്. നിലവിലുള്ള സാന്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ഇതിനു ബാധകമാക്കേണ്ടതുമില്ല.