ശബരിമല: മകരസംക്രമ ദിനത്തില്‍ ശബരീശന് അഭിഷേകത്തിനായുളള നെയ്യ്ത്തേങ്ങ സന്നിധാനത്തെത്തി. ഗുരുസ്വാമി രാമനാഥന്റെ നേതൃത്വത്തില്‍ കന്നിഅയ്യപ്പന്‍ വൈദ്യനാഥ അയ്യരാണ്(17) ഇത്തവണ അഭിഷേകത്തിനുളള നെയ്യ്ത്തേങ്ങ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് ഏറ്റുവാങ്ങി സന്നിധാനത്തെത്തിച്ചത്.
തിരുവനന്തപുരത്ത് നവരാത്രി മണ്ഡപത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ രാജസ്ഥാനി മൂലം തിരുനാള്‍ രാമവര്‍മയാണ് നെയ്യ്തേങ്ങ നിറച്ച് വൈദ്യനാഥ അയ്യര്‍ക്ക് കൈമാറിയത്. 14ന് ധനു മകരത്തിലേക്ക് സംക്രമിക്കുന്ന ശുഭമുഹൂര്‍ത്തമായ രാവിലെ 7.40ന് നടക്കുന്ന മകരസംക്രമപൂജാമധ്യേ നെയ്യ്ത്തേങ്ങ ഭഗവാന് അഭിഷേകം ചെയ്യും. തുടര്‍ന്ന് പൂജാ പ്രസാദം വാങ്ങി തിരികെ കൊട്ടാരത്തില്‍ എത്തിക്കുന്നതോടെ കന്നിഅയ്യപ്പന്റെ ദൗത്യം പൂര്‍ത്തിയാകും. കഴിഞ്ഞ 26 വര്‍ഷമായി മകരസംക്രമദിനത്തില്‍ ഭഗവാന് അര്‍പ്പിക്കാനുളള നെയ്യ്ത്തേങ്ങ കൊണ്ടുവരുന്ന കന്നിഅയ്യപ്പന്മാര്ക്ക് ഗുരുസ്വാമിയാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര ജീവനക്കാരനായ രാമനാഥന്.