പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍, വിവിധ ജീവക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യവകുപ്പ്.
ശബരിമലയിലേക്കെത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെടുത്ത സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.മലകയറുന്നവര്‍ക്കായി നിലയ്ക്കലില്‍ ആരോഗ്യ വകുപ്പിന്റെയും ഡിഡിആര്സിയുടെയും കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഇവിടെ 625 രൂപ അടച്ച് തീര്‍ഥാടകര്‍ക്ക് കോവിഡ് പരിശോധന നടത്താം.
രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലു വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് അഞ്ചു വരെയും ഇവിടെ പരിശോധനാ സൗകര്യം ലഭ്യമാണ്. തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും, കെഎസ്ആര്‍ടിസിക്ക് എതിര്‍വശമുള്ള സ്ഥലത്തും കോവിഡ് പരിശോധനയ്ക്കുള്ള സ്റ്റെപ്പ് കിയോസ്ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ജില്ലയില്‍ പന്തളം, കോഴഞ്ചേരി, മല്ലപ്പള്ളി ഉള്‍പ്പെടെ 15 സ്റ്റെപ്പ് കിയോസ്ക്കുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇവിടെ പണം അടച്ച് കോവിഡ് പരിശോധന നടത്താം.
മലകയറുമ്പോള്‍ ശ്വാസതടസം നേരിടുന്നവര്‍ക്ക് ഈ സമയം മാസ്ക്ക് ഉപയോഗം കുറയ്ക്കാം. ശബരിമല ദര്‍ശനത്തിന് 24 മണിക്കൂറിനകമുള്ള റാപ്പിഡ് ആന്റിജന്‍ പരിശോധനാഫലം മതിയാകും.
എന്നാല്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും രോഗവാഹകര്‍ ആയേക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടെയോ, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ ആശുപത്രികളുടേയോ സേവനം തേടണം.
ഇവിടെ 24 മണിക്കൂറും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനവും അവശ്യ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.
ശബരിമല പ്രസാദം തപാലില്‍ ലഭിക്കും
ശബരിമല: ഇന്ത്യയില്‍ എവിടെയും ശബരിമല പ്രസാദം തപാലില്‍ ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ ഒന്നാം ദിവസം തന്നെ 1000 പ്രസാദം പോസ്റ്റല്‍ വകുപ്പിന് കൈമാറി.
മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് കാരണം ശബരിമലയില്‍ ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ തപാലില്‍ എത്തിക്കാന്‍ ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും ചേര്‍ന്ന് തയാറാക്കിയതാണ് തപാല്‍ പ്രസാദ വിതരണ പദ്ധതി.
ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തൊട്ടടുത്ത തപാല്‍ ഓഫീസ് വഴി പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചാല്മൂന്നു ദിവസത്തിനുള്ളില്‍ പ്രസാദം തപാലില്‍ വീട്ടില്‍ എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം.
അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞള്‍, കുങ്കുമ പ്രസാദം, അര്‍ച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റില്‍ ഉണ്ടാവുക. 450 രൂപയാണ് വില. ബുക്ക് ചെയ്ത അത്രയും പ്രസാദം പമ്പാ ത്രിവേണി പോസ്റ്റ് ഓഫീസില്‍ ദേവസ്വം ബോര്‍ഡ് എത്തിച്ചു നല്‍കും.
സാധാരണ ദിവസങ്ങളില്‍ 1000, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 ആളുകള്‍, മണ്ഡല പൂജ, മകരവിളക്ക് ദിവസം 5000 പേര് എന്നിങ്ങനെയാണ് പ്രവേശനം. ഇത്തവണ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തുന്നതിനുള്ള സൗകര്യമില്ല.
എന്നാല്‍, ആചാരത്തിനു മുടക്കം വരാത്ത രീതിയില്‍ ദേവസ്വം ജീവനക്കാര്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്ത്തേങ്ങ വാങ്ങി നെയ്യെടുത്ത് ശ്രീകോവിലില്‍ അഭിഷേകം ചെയ്യും.
അഭിഷേകം ചെയ്തതിനു ശേഷം നെയ്യ് പ്രത്യേകം ക്രമീകരിച്ച കൗണ്ടറില്‍ ആടിയ ശിഷ്ടം നെയ്യായി വിതരണം ചെയ്യുമെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.